വക്കീല്‍ കുടുംബത്തിലെ ഇളമുറക്കാര്‍

Posted on: 13 Sep 2015299 പേര്‍ വക്കീല്‍ കുപ്പായമണിഞ്ഞു


കൊച്ചി: ജനിച്ചുവളര്‍ന്നത് നിയമം കേട്ട്. മാതാപിതാക്കള്‍ നടന്ന വഴിയിലൂടെ നടക്കാന്‍ മക്കളും തീരുമാനിച്ചു. അങ്ങനെ അവരും നിയമത്തിന്റെ വഴിയേ നടന്നു. ഒടുവില്‍ വക്കീല്‍ കുപ്പായമണിഞ്ഞു. കേശവ്രാജ് നായര്‍, പ്രേരിത്ത് ഫിലിപ്പ് ജോസഫ്, വിനയ് ജോസഫ് എന്നിവര്‍ തങ്ങളുടെ ചെറുപ്പം മുതലേയുള്ള ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ്. അഞ്ച് വര്‍ഷത്തെ പഠനത്തിനു ശേഷം എന്റോള്‍ ചെയ്തപ്പോള്‍ മാതാപിതാക്കള്‍ക്ക് ഇത് അനുഗ്രഹ നിമിഷം.
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെയും മീര രാധാകൃഷ്ണന്റെയും മകന്‍ കേശവ്രാജ് നായര്‍ ആണ് അഭിഭാഷക കുടുംബത്തിലെ പുതിയ വക്കീല്‍. അച്ഛനും ചേച്ചി പാര്‍വതി നായരും അഭിഭാഷകര്‍. സഹോദരിയെ വിവാഹം ചെയ്തതും വക്കീല്‍ കുടുംബത്തിലേക്ക്. നിയമം നിറഞ്ഞ കുടുംബത്തിലെ ഇളയ വ്യക്തിയാണ് കേശവ്രാജ്. തിരുവനന്തപുരം കേരള ലോ അക്കാദമിയിലാണ് നിയമം പഠിച്ചത്. അച്ഛനെ റോള്‍ മോഡല്‍ ആക്കിയ തനിക്ക് ഒരു നിമിഷം പോലും മറ്റൊരു കര്‍മരംഗം മനസ്സിലുണ്ടായില്ല എന്ന് പറയുന്നു കേശവ്രാജ്. തിരുവന്തപുരത്ത് സിവില്‍ നിയമത്തില്‍ പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം.
ഹൈക്കോടതിയിലെ ജസ്റ്റിസ് മേരി ജോസഫിന്റെയും ഫിലിപ്പ് ജോസഫിന്റെയും മകനായ പ്രേരിത്ത് ഫിലിപ്പ് ജോസഫിന് അമ്മയുടെ വഴിയേ നടക്കാനായിരുന്നു ചെറുപ്പത്തിലേ ഇഷ്ടം. തിരുവനന്തപുരം ലോ അക്കാദമിയിലാണ് പഠിച്ചത്. ബിരുദാനന്തര ബിരുദത്തിനു ശേഷം മികച്ച അഭിഭാഷകനാകണമെന്നാണ് ആഗ്രഹം. കൊച്ചി സര്‍വകലാശാലയില്‍ എല്‍.എല്‍.എം. വിദ്യാര്‍ത്ഥിയാണ് പ്രേരിത്ത്.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ മകന്‍ വിനയ് ജോസഫ്, ഹൈക്കോടതിയുടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്ററും ട്രൈബ്യൂണല്‍ അധ്യക്ഷനുമായ ജസ്റ്റിസ് പി.ആര്‍. രാമന്റെ മകള്‍ അനഘ ലക്ഷ്മീരാമന്‍, ഹൈക്കോടതി മുന്‍ ജഡ്ജിയും സുപ്രീംകോടതിയിലെ അഭിഭാഷകയുമായ വി. ഗിരിജയുടെ മകള്‍ കീര്‍ത്തിവാസ്, നിയമ വകുപ്പ് സെക്രട്ടറി ഹരീന്ദ്രന്‍ നാഥന്റെ മകന്‍ അമിത് കൃഷ്ണ തുടങ്ങിയവരും എന്റോള്‍ ചെയ്തു.
ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടന്ന എന്റോള്‍മെന്റ് ചടങ്ങില്‍ 299 പേര്‍ പ്രതിജ്ഞയെടുത്തു. നുവാല്‍സ് വൈസ് ചാന്‍സലര്‍ റോസ് വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍, മുന്‍ എം.പി. എ. വിജയരാഘവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്റോള്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അനില്‍ കുമാര്‍, മെമ്പര്‍ അജിതന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam