'ടി.പി 51 വെട്ട്' സിനിമ: പ്രദര്‍ശന വിലക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്
Posted on: 13 Sep 2015
കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ആസ്പദമാക്കി നിര്‍മ്മിച്ച 'ടി.പി. 51 വെട്ട്' സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത പ്രദര്‍ശന വിലക്കിനെതിരെ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസിനു മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എം.വി.രതീഷ് നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയ്, തമ്പി സുബ്രഹ്മണ്യം, അജിത്ത് അമീര്‍ബാവ, പി.എസ്.സുധീര്തുടങ്ങിയവര് പ്രസംഗിച്ചു.
സി.പി.എം ഭീഷണിയെത്തുടര്‍ന്ന് സിനിമാ റിലീസിങ്ങില്‍ നിന്ന് പിന്മാറിയ ഫിലിം വിതരണക്കാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഫിലിം വിതരണക്കാര്‍ റിലീസിങ്ങിന് തയ്യാറായില്ലെങ്കില്‍ ജനകീയ റിലീസിങ്ങുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്ന് നേതാക്കള്‍ അറിയിച്ചു.