സ്വകാര്യ ബസ്സിന് പിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ്സിടിച്ചു
Posted on: 13 Sep 2015
കൂത്താട്ടുകുളം-എറണാകുളം റൂട്ടില്‍ മത്സര ഓട്ടം
പിറവം: മത്സരയോട്ടത്തിനിടെ കൂത്താട്ടുകുളം-എറണാകുളം റൂട്ടില്‍ പിറവം ദേവിപ്പടിയില്‍ സ്വകാര്യ ബസ്സിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരായ തിരുമാറാടി കാക്കൂര്‍ തേവര്‍മഠത്തില്‍ സാറാമ്മ, കൂത്താട്ടുകുളം അരുണ്‍ നിവാസില്‍ അര്‍ച്ചന എന്നിവര്‍ക്കാണ് നേരിയ പരിക്കുകളേറ്റത്. പിറവത്തെ ജെഎംപി ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്കി ഇരുവരേയും വൈകീട്ട് തന്നെ വിട്ടു.
ശനിയാഴ്ച വൈകീട്ട് ആറേമുക്കല്‍ മണിയോടെ ദേവിപ്പടിയിലാണ് സംഭവം. അതിനു തൊട്ടു മുമ്പ് മുല്ലൂര്പ്പടിയില് വച്ചാണ് സ്വകാര്യ ബസ് (മേരി മാത) കെഎസ്ആര്‍ടിസി ബസ്സിനെ മറികടന്നു കയറി പോയത്.
ദേവിപ്പടിയില്‍ വണ്ടി ചെറുതായി ബ്രേക്ക് ചെയ്ത് ഒരാളെ ഇറക്കുന്നതിനിടയിലാണ് കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്ന് അധികം കഴിയും മുമ്പ് മന്ത്രി അനൂപ് ജേക്കബ് അതുവഴി വന്നു. പിന്നാലെ പോലീസുമെത്തി വണ്ടികള്‍ തള്ളി മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.