പെരിയാര്‍വാലി കനാല്‍ ഓഫീസില്‍ മരപ്പട്ടി ശല്യം

Posted on: 13 Sep 2015ആലുവ: തോട്ടയ്ക്കാട്ടുകര ജങ്ഷന് സമീപമുള്ള പെരിയാര്‍വാലി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ രൂക്ഷമായ മരപ്പട്ടി ശല്യം. ഓഫീസിന്റെ മച്ചിന് മുകളില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന മരപ്പട്ടികളാണ് ഓഫീസിന്റെ ദൈനംദിന കാര്യങ്ങളില്‍ വരെ 'തലയിടുന്ന'ത്. പകല്‍സമയത്ത് മച്ചില്‍നിന്ന്, മേശപ്പുറത്തിരിക്കുന്ന ഫയലുകളിലേക്ക് മൂത്രമൊഴിക്കുന്നത് മൂലം ഓഫീസ് പ്രവര്‍ത്തനം വരെ അവതാളത്തിലാവുകയാണ്.
ജീവനക്കാരുടെ ദേഹത്തുവരെ മൂത്രം വീണ അവസ്ഥ ഉണ്ടായിട്ടുണ്ട്. പെരിയാര്‍വാലി കോമ്പൗണ്ടിലുള്ള, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലും മരപ്പട്ടി ശല്യം നേരിടുകയാണ്.
പെരിയാര്‍ വാലി ഉടമസ്ഥതയിലുള്ള തോട്ടയ്ക്കാട്ടുകരയിലെ കാടുകയറിയ സ്ഥലമാണ് ഉപദ്രവകാരികളായ ജീവികളുടെ കേന്ദ്രം. ഇവിടെ ഏതുസമയവും നിലംപൊത്താറായി നില്‍ക്കുന്ന മരങ്ങള്‍ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയിരുന്നു. പെരിയാര്‍വാലി കനാല്‍ ഓഫീസിനു സമീപമുള്ള വീട്ടുകാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉപദ്രവമുണ്ടാക്കാറുണ്ട്.
മരപ്പട്ടികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പെരിയാര്‍വാലി കനാല്‍ ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ഫോറസ്റ്റ് ഓഫീസറുമായി ബന്ധപ്പെടാനാണ് നിര്‍ദേശം ലഭിച്ചത്. ഡി.എഫ്.ഒ.യ്ക്ക് പരാതി അയച്ചെങ്കിലും, നടപടിയൊന്നും ഉണ്ടായില്ല.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മരപ്പട്ടി ശല്യം കാരണം ഓഫീസിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറയുന്നു.

More Citizen News - Ernakulam