സിദ്ധാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്‌

Posted on: 13 Sep 2015കൊച്ചി: ചലച്ചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്ക്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് തൃപ്പൂണിത്തറ തൈക്കൂടത്തിന് സമീപം ചമ്പക്കരയിലെ കപ്പേളയ്ക്ക് സമീപത്തായിരുന്നു അപകടം. സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സ്വകാര്യ കെട്ടിടത്തിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ പേട്ടയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സിദ്ധാര്‍ത്ഥ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ടയറും എയര്‍ബാഗും പൊട്ടി. സിദ്ധാര്‍ത്ഥ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തത്. വാഹനാപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തില്‍ നിന്ന് ലഭിച്ച രേഖകളിലൂടെയാണ് അപകടത്തില്‍പ്പെട്ടത് സിദ്ധാര്‍ത്ഥാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് തന്നെയാണ് പേട്ടയിലെ സിദ്ധാര്‍ത്ഥിന്റെ വീട്ടിലെത്തി അപകട വിവരം അറിയിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് സിദ്ധാര്‍ത്ഥ്. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടെന്നും 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ന്യൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ.
വിവരമറിഞ്ഞ് അമ്മ കെ.പി.എ.സി. ലളിത പുലര്‍ച്ചെ തന്നെ ആസ്​പത്രിയിലെത്തി. നടന്‍ മമ്മൂട്ടി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ എന്നിവരടക്കം നിരവധി പേര്‍ ആസ്​പത്രിയിലെത്തിയിരുന്നു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.
സംവിധായകന്‍ ഭരതന്റെയും ചലച്ചിത്ര നടി കെ.പി.എ.സി. ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

More Citizen News - Ernakulam