ശമ്പള കമ്മീഷന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ അവഗണിച്ചു -റിസര്‍ച്ച് ഡിഗ്രി ടീച്ചേഴ്‌സ് ഫോറം

Posted on: 13 Sep 2015



കൊച്ചി: പത്താം ശമ്പള കമ്മീഷന്‍ പി.എച്ച്.ഡി. യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരോട് തികഞ്ഞ അവഗണനയും നീതിനിഷേധവും കാട്ടിയതായി റിസര്‍ച്ച് ഡിഗ്രി ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം പരാതിപ്പെട്ടു.
ഡോക്ടറേറ്റ് യോഗ്യതയുള്ള അദ്ധ്യപകര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റ് അധികം നല്‍കണമെന്ന് ഈ മേഖലയെക്കുറിച്ച് പഠിച്ച ലംബ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും 10-ാം ശമ്പള കമ്മീഷന്‍ ആ നിര്‍ദേശം പൂര്‍ണമായും അവഗണിച്ചു.
പി.എച്ച്.ഡി. യോഗ്യതയുള്ള കോളേജ് അധ്യാപകര്‍ക്ക് അഞ്ച് അധിക ഇന്‍ക്രിമെന്റും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റും അനുവദിക്കുമ്പോള്‍ ബി.എഡും പി.എച്ച്.ഡിയും അധിക യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 400 രൂപയില്‍ നിന്ന് 500 രൂപ മാത്രമാണ് ശമ്പള കമ്മീഷന്‍ അധികമായി നിര്‍ദേശിച്ചിട്ടുള്ളത്.
ഹയര്‍ സെക്കന്‍ഡറിയിലെ പി.എച്ച്.ഡി അധിക യോഗ്യതയുള്ളവര്‍ക്ക് മൂന്ന് അധിക ഇന്‍ക്രിമെന്റ് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. തങ്കച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. വി. സനല്‍കുമാര്‍, വൈസ് പ്രസിഡന്റ് ഡോ. കെ. സുധാദേവി, സെക്രട്ടറിമാരായ ഡോ. സി. രാധാമണി, ഡോ. പി. രതീഷ്‌കുമാര്‍, ഡോ. ജേക്കബ് മണ്ണുമൂട് തുടങ്ങിയവരും പ്രസംഗിച്ചു.

More Citizen News - Ernakulam