കാനന്‍ മലയില്‍ പാറമടയുടെ പ്രവര്‍ത്തനം വീട്ടമ്മമാര്‍ തടഞ്ഞു

Posted on: 13 Sep 2015കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്ന് കാനന്‍ മലയിലെ പാറമടയുടെ പ്രവര്‍ത്തനത്തിന് എതിരെ നാട്ടുകാരുടെ സമരം ശക്തമായി . ശനിയാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തിലുള്ള സംഘം പാറമടയിലെത്തി സമരം നടത്തി. പാറമടയുടെ പ്രവര്‍ത്തനം മൂലം ജനജീവിതം ബുദ്ധിമുട്ടായതിനാലാണ് സമരം ശക്തമാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് പാറമടയുടെ പ്രവര്‍ത്തനം ശനിയാഴ്ച നിര്‍ത്തി വച്ചു.
കരിങ്കല്‍ കയറ്റാന്‍ എത്തിയ ലോറികളും നാട്ടുകാര്‍ തടഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ പാറപൊട്ടിക്കല്‍ വീണ്ടും തുടങ്ങിയപ്പോഴാണ് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിഷേധവുമായിയെത്തിയത് .കൂത്താട്ടുകുളം പോലീസും സ്ഥലത്ത് എത്തിയിരുന്നു. പാറമടയുടെ പ്രവര്‍ത്തനം തടഞ്ഞാല്‍ അറസ്റ്റ് ചെയ്യും എന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ വ്യക്തമാക്കി.
സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക അന്വേഷണസംഘവും കഴിഞ്ഞ ദിവസം പാറമടയില്‍ എത്തി പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഹൈക്കോടതി അനുമതിയോടെയാണ് പാറമട പ്രവര്‍ത്തിക്കുന്നത് എന്ന് ഉടമ വ്യക്തമാക്കിയതിനാല്‍ പോലീസ് പിന്‍വാങ്ങുകയായിരുന്നു.
പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കുഴ വില്ലേജ് ആഫീസിലും കാനം മലയില്‍ നിന്നുള്ള പ്രതിഷേധക്കാരെത്തിയിരുന്നു. ലൈസന്‍സുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാത്രമെ പാറപൊട്ടിക്കല്‍ നടത്താവു എന്നുള്ള വിവരങ്ങള്‍ അടങ്ങുന്ന നോട്ടീസ് വില്ലേജ് അധികൃതര്‍ പതിപ്പിക്കുകയും ചെയ്തു. പാറമടയുടെ പ്രവര്‍ത്തനത്തിന് അനുവാദം നല്കരുതെന്ന് പാലക്കുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നതായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടി.ജി സോമന്‍ പറഞ്ഞു. മൂന്നാം വാര്‍ഡ് ഗ്രാമസഭയും പാറമടയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നതായി സോമന്‍ പറഞ്ഞു.ആര്‍.ഡി.ഒ പോലീസ് എന്നിവര്‍ക്കും ഇതുസംബന്ധിച്ച് പരാതികള്‍ നല്കിയിരുന്നു.

More Citizen News - Ernakulam