ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി: ബോട്ടും ജങ്കാറും ഇന്നുമുതല്‍ ഓടും

Posted on: 13 Sep 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ ഒരു ബോട്ടും ഒരു ജങ്കാറും ഞായറാഴ്ച മുതല്‍ സര്‍വീസ് നടത്തും. എട്ടിന് ബോട്ട് സര്‍വീസ് വൈപ്പിനില്‍ നിന്നാരംഭിക്കും. മേയര്‍ ടോണി ചമ്മണി ബോട്ടില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് യാത്ര ചെയ്യും.
ഒട്ടേറെ തടസ്സങ്ങളെ നേരിട്ടാണ് ബോട്ട് സര്‍വീസ് തുടങ്ങുന്നതെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷമാണ് ബോട്ട് സര്‍വീസിന് ഇറക്കുന്നത്. ജങ്കാറിന്റെ പരിശോധനകളും പൂര്‍ത്തിയായി.
കഴിഞ്ഞ 26 നായിരുന്നു ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ യാത്രാബോട്ടില്‍ മീന്‍പിടിത്ത ബോട്ട് ഇടിച്ച് അപകടമുണ്ടായത്. 11 പേരാണ് മരിച്ചത്. ചിലര്‍ ഇപ്പോഴും ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് ഫെറി കരാറുകാരെ ബോട്ട് സര്‍വീസ് നടത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ഒട്ടേറെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് അഴിമുഖത്ത് ഓടിക്കാന്‍ ശേഷിയുള്ള ബോട്ട് നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്.
കൈനകരിയില്‍ നിന്ന് കൊണ്ടുവന്ന ബാര്‍ജ് യാത്രാ ബോട്ടായി ക്രമീകരിക്കുകയായിരുന്നു. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി.
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി സര്‍വീസിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലങ്ങളായി കൊച്ചി നഗരസഭയുടെ കീഴിലാണ് ഫെറി സര്‍വീസ് നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഒരേ കരാറുകാരാണ് സര്‍വീസ് നടത്തിവരുന്നത്. പഴയ ബോട്ടുകളാണ് ഇവിടെ ഓടിയിരുന്നത്.
അപകടത്തില്‍ ഒരു ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. മറ്റൊരു ബോട്ട് ഉണ്ടായിരുന്നെങ്കിലും അത് അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പിലാണ്.
കഴിഞ്ഞ 18 ദിവസമായി ഫെറി ഗതാഗതം നിലച്ചിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ദിവസവും കടന്നുപോകുന്ന ഫെറിയാണിത്. ഫെറി തടസ്സപ്പെട്ടതിനാല്‍, 20 കിലോമീറ്റര്‍ ദൂരം റോഡുയാത്ര ചെയ്താണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്.
ഞായറാഴ്ച മുതല്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണിപ്പോള്‍.

More Citizen News - Ernakulam