പൊതു വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് സാമ്പത്തിക തടസ്സമുണ്ടാവില്ല - ചെന്നിത്തല
Posted on: 13 Sep 2015
പിറവം: പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയെന്നത് യു. ഡി. എഫ്. സര്‍ക്കാറിന്റെ
പ്രഖ്യാപിത നയമാണെന്നും സാമ്പത്തിക പരാധീനത തടസ്സമാവില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മണീട് ഗവ. വൊക്കേഷണല്‍ ആന്‍ഡ്
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിന്‍ കീഴില്‍ 65 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ
സ്കൂള്‍ ഇന്‍ഫ്ര മന്ദിരത്തിന്റെയും 38 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെയും
ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ മേഖല ഇന്ന് സ്വകാര്യ
വിദ്യാഭ്യാസ മേഖലയോട് മത്സരിക്കാന്‍ തക്കവണ്ണം വളര്‍ന്നു കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പുതിയ ഓഫ്സെറ്റ് പ്രസ്സും സ്മാര്‍ട്ട് ക്ലാസ് മുറികളും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ, എല്‍ദോസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.ജില്ലാ
സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. പി പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു.മുന്‍
എം.എല്‍.എ. എം.ജെ.ജേക്കബ് മുഖ്യാതിഥിയായി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്
പ്രതിഭകളെ അനുമോദിച്ചു.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എന്‍. വിജയകുമാര്‍ പുതിയ
കെട്ടിടങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റെജി കുര്യന്, കെ. എസ്. രാജേഷ്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി ഷാജി, അംഗങ്ങളായ മോളി തോമസ്,എ.ഡി. ഗോപി, പ്രിന്‍സിപ്പല്‍മാരായ ജെയിംസ് മണക്കാട്ട്, രേഖ മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. കെ.സോമന് സ്വാഗതവും പി. ടി. എ. പ്രസിഡന്റ് ഗോപി ചുണ്ടമല നന്ദിയും പറഞ്ഞു.