കടുങ്ങല്ലൂര്‍: സത്യസന്ധതയ്ക്ക് മാതൃകയായ കടുങ്ങല്ലൂരിലെ ലോട്ടറി വില്പ്പനക്കാരന് സുരേഷിനെ കള്ളന്മാര് വെറുതെ വിടുന്നില്ല. സുരേഷിന്റെ ലോട്ടറിക്കട കള്ളന്മാര് വീണ്ടും കുത്തിത്തുറന്നു. എന്നാല്‍ ഇത്തവണ ഒന്നും കൊണ്ടുപോയില്ല. അവിടേയും സുരേഷിനെ ഭാഗ്യം തുണച്ചു. കള്ളന് കൊണ്ടുപോകാന്‍ കഴിയാതിരുന്ന ടിക്കറ്റിന് 5000 രൂപ സമ്മാനം കിട്ടി.
കഴിഞ്ഞതവണ സമ്മാനമുണ്ടായ ലോട്ടറിയുള്െപ്പടെ 75000 രൂപ കള്ളന് കൊണ്ടുപോയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കള്ളനെ പിടികൂടിയതിനാല്‍ സാധനങ്ങളെല്ലാം തിരികെകിട്ടി. പിറ്റേദിവസം തന്നെ വില്ക്കാതെവച്ചിരുന്ന ടിക്കറ്റിന് വലിയതുക സമ്മാനവും കിട്ടി ഭാഗ്യം കടാക്ഷിച്ചിരുന്നു. കടമായെടുത്തവച്ച ലോട്ടറി ടിക്കറ്റിന് ഒരുകോടി സമ്മാനമുണ്ടെന്നറിഞ്ഞിട്ടും ഉടമയെ കണ്ടെത്തി ടിക്കറ്റ് നല്കി സത്യസന്ധത കാട്ടിയയാളാണ് കിഴക്കേ കടുങ്ങല്ലൂര്‍ മാളക്കാരന്‍ വീട്ടില്‍ സുരേഷ്. അന്ന് മുഖ്യമന്ത്രിയും സിനിമാതാരങ്ങളുമുള്െപ്പടെയുള്ളവരുടെ അഭിനന്ദനങ്ങളും സമ്മാനങ്ങളുമെല്ലാം സുരേഷിന് ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് സുരേഷിന്റെ കിഴക്കേ കടുങ്ങല്ലൂരിലുള്ള കട കള്ളന് കുത്തിത്തുറന്നത്. കടയുടെ ഭിത്തി കുത്തിത്തുരന്നാണ് കള്ളന് അകത്തുകയറിയത്. സമ്മാനമണ്ടായിരുന്ന ലോട്ടറിയും പണവുമെല്ലാം എടുത്തുകൊണ്ടുപോയി. ലോട്ടറി മാറി പണമാക്കാന്‍ ആലുവയിലെ മോത്തവിതരണ കടയിലെത്തിയപ്പോഴാണ് കള്ളനെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയും ഭിത്തിതുരന്നാണ് കള്ളന് അകത്തുകടന്നത്. ഒന്നുതന്നെ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ബിനാനിപുരം പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി പരിശോധന നടത്തിയതില്‍നിന്നും സമാന മോഷണരീതിയാണ് പ്രയോഗിച്ചതെന്നും അന്നത്തെ കള്ളന് തന്നെയായിരിക്കും ഇതിന് പിന്നിലെന്നുമാണ് സൂചന കിട്ടിയിരിക്കുന്നത്.