നിയന്ത്രണംവിട്ട ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം
Posted on: 13 Sep 2015
കടുങ്ങല്ലൂര്‍: വഴിതിരിച്ചുവിടുന്ന കണ്ടെയ്നര്‍ ലോറികള്‍ കടുങ്ങല്ലൂര്‍ റോഡില്‍ സൃഷ്ടിക്കുന്ന അപകട പരമ്പര തുടരുന്നു. ശനിയാഴ്ച രാത്രി നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ച് വൈദ്യുതിബന്ധം താറുമാറായി. കടുങ്ങല്ലൂര്‍- ഓഞ്ഞിത്തോട് പാലത്തിന് സമീപമായിരുന്നു അപകടം. ലോഡുമായി വന്ന ലോറി പാലമിറങ്ങി വരവെ നിയന്ത്രണമില്ലാതെ തെറ്റായ ദിശയിലേക്ക് നീങ്ങി താഴേക്ക് മറിയുകയായിരുന്നു. സമീപത്തുള്ള വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നതുകൊണ്ടും ആസമയം എതിര്‍വശത്തുനിന്നും വാഹനങ്ങളൊന്നും വരാതിരുന്നതുകൊണ്ടും വലിയ ദുരന്തം ഒഴിവായി.
എന്നാല്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഭാഗത്തെ വൈദ്യുതിബന്ധം അതോടെ നിലച്ചു. ടി.വി. കേബിളുകളും പൊട്ടി താറുമാറായി. മെട്രോറെയില്‍ നിര്‍മാണം നടക്കുന്നതുകൊണ്ടാണ് രാത്രിയില്‍ വലിയ വാഹനങ്ങള്‍ കണ്ടെയ്നര്‍ റോഡില്‍ നിന്നും എടയാര്‍ കടുങ്ങല്ലൂര്‍ യു.സി. കോളേജ് വഴി തിരിച്ചുവിടുന്നത്. എന്നാല്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഭാഗത്ത് ഈ റോഡിന് തീരെ വീതിയില്ലാത്തതുകൊണ്ട് എന്നും അപകടങ്ങളാണ്. ആദ്യദിവസം തന്നെ റോഡരികില്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളെല്ലാം ലോറികള്‍ പൊട്ടിച്ചു. പിന്നീട് രണ്ട് ദിവസമെടുത്താണ് അതിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. രണ്ട്ദിവസത്തിന് ശേഷം ഒരു വൈദ്യുതി പോസ്റ്റ് ഇടിച്ചുതര്ത്തു. പിന്നീട് ഒറ്റദിവസം തന്നെ മൂന്ന് പോസ്റ്റുകളാണ് കൂറ്റന്‍ ലോറികള്‍ തകര്‍ത്തത്. ഇത്തരത്തില്‍ അപകടങ്ങള്‍ തുടര്‍ന്നതോടെ വിവിധ രാഷ്ട്രീയ സംഘടനകള്‍ ചേര്‍ന്ന് ലോറി തടഞ്ഞുകൊണ്ടുള്ള സമരംവരെ നടത്തി.
ഈ റോഡിലൂടെയുള്ള വലിയ ലോറികളുടെ പ്രവേശനം നിര്‍ത്തലാക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ സമരത്തിനൊന്നും മുഖംകൊടുക്കാതെ ലോറികള്‍ ഇപ്പോഴും ചീറിപ്പായുകയാണ്. ശനിയാഴ്ചയുണ്ടായ അപകടം വീണ്ടും സമരം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുകയാണ്.