കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൂട്ട അവധി സമരം രോഗികളെ വലച്ചു. പലരും സമരത്തെക്കുറിച്ചറിയാതെ ആശുപത്രികളിലെത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒ.പി. പരിശോധനാ കൗണ്ടര്‍ പൂട്ടിയിരുന്നിട്ടും ഉച്ചയോടെയാണ് പലര്‍ക്കും ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വിവരം അറിയാനായത്.
ഒ.പി. ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡോക്ടര്‍മാരെ പ്രതീക്ഷിച്ച് നിരവധി രോഗികള്‍ പരിശോധനാ മുറിക്ക് മുന്നില്‍ കാത്തിരിപ്പ് തുടര്‍ന്നു.
നിരവധി രോഗികള്‍ ആശ്രയിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലടക്കം ഒ.പി. പരിശോധനയുണ്ടായിരുന്നില്ല. സംഘര്‍ഷമൊഴിവാക്കാന്‍ ഒ.പി. കൗണ്ടറിലടക്കം രാവിലെ മുതല്‍ പോലീസ് കാവലുമുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായത്.
അടിയന്തര ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിന് മുന്നില്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നു. ഹൗസ് സര്ജന്മാരുടെ സേവനം ലഭ്യമായിരുന്നുവെങ്കിലും മിക്ക രോഗികളും ഡ്യൂട്ടി ഡോക്ടറെ കാണാനാണ് കാത്തുനിന്നത്.
ഒട്ടേറെ രോഗികള്‍ എത്തുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്കെത്തിയത്. ജില്ലയില്‍ 400 ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു.
ആലുവ ജില്ലാ ആശുപത്രിയില്‍ 35 ഡോക്ടര്‍മാര്‍ അവധിയിലാണ്. ഇവിടെ ഡയാലിസിസ് സെന്റര്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. ഡോക്ടര്‍മാര്‍ അവധിയിലാണെന്ന ബോര്‍ഡ് ഒ.പി. ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ രാവിലെ എട്ടോടെയാണ് പല ആസ്പത്രികളിലും പ്രദര്‍ശിപ്പിച്ചത്. ഇതോടെ പലയിടത്തും ചെറിയ രീതിയില്‍ രോഗികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു.
സമരം ചെയ്ത ഡോക്ടര്‍മാര്‍ രാവിലെ മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുത്തതായി കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ദിലീപ്കുമാര് അറിയിച്ചു. അസോസിയേഷന് നിര്‍ദേശപ്രകാരം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു.