കളമശ്ശേരിയെ ജലസംഭരണ വിതരണ കേന്ദ്രമാക്കി മാറ്റും-മന്ത്രി

Posted on: 12 Sep 2015കളമശ്ശേരി: കളമശ്ശേരിയില്‍ ജലസംഭരണ വിതരണ കേന്ദ്രം സ്ഥാപിക്കുന്നതിന് ആറ് ഏക്കര്‍ സ്ഥലം കണ്ടെത്തുമെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കളമശ്ശേരി നഗരസഭയില്‍ വട്ടേക്കുന്നം-മുട്ടാര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിന്‍ഫ്രയുടെ പക്കലുള്ള സ്ഥലമാണ് ഇതിനായി നോക്കുന്നത്. ഇനി ഈ സ്ഥലം ലഭിച്ചില്ലെങ്കില്‍ കളമശ്ശേരി നഗരസഭയിലെവിടെയെങ്കിലും പണം കൊടുത്ത് ആവശ്യമായ സ്ഥലം വാങ്ങും. ജപ്പാന്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 239 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിട്ടി ഓഫീസിന് പുതിയ കെട്ടിടം പണിയാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടന്നിരുന്ന 3.50 ലക്ഷം സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി നവീകരിച്ചാണ് വട്ടേക്കുന്നം മുട്ടാര്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആസ്തി വികസനഫണ്ടില്‍ നിന്നും ഇതിനായി 3.39 കോടി രൂപ ചെലവഴിച്ചു.
കളമശ്ശേരി പമ്പ് ഹൗസില്‍ നിന്നും ഈ ജലസംഭരണിയിലേക്ക് 2430 മീറ്റര്‍ പ്രത്യേകം 300 എംഎം ഡക്ടൈല്‍ അയേണ്‍ പൈപ്പുകള്‍ സ്ഥാപിച്ചു.
എന്‍എഡി, എന്‍എച്ച്എഐ, റെയില്‍വേ എന്നീ സ്ഥാപനങ്ങളുടെ അനുമതിയോടെയാണ് ഇവയുടെ സ്ഥലത്തുകൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്.
വട്ടേക്കുന്നം, മുട്ടാര്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, മലൈ തൈക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും.
ചടങ്ങില്‍ കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അധ്യക്ഷനായി. പ്രൊഫ. കെ.വി.തോമസ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വാട്ടര്‍ അതോറിട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാബു തോമസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി ജോര്‍ജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ.സുധ, കളമശ്ശേരി നഗരസഭ വികസന കാര്യ ചെയര്‍മാന്‍ എ.കെ.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam