ആയിരങ്ങള്‍ക്ക് ആശ്വാസമായി 'സാന്ത്വന സാഫല്യം'

Posted on: 12 Sep 2015കാക്കനാട്: ദുരിതങ്ങളും ദുരന്തങ്ങളും നല്‍കിയ വേദനകളുമായി കാത്തിരുന്നവര്‍ക്ക് പ്രതീക്ഷയുടെ തീരമായി മാറി ബെന്നി ബഹനാന്‍ എം.എല്‍.എ.യുടെ 'സാന്ത്വന സാഫല്യം'.പരാതികളും അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവരെ സഹായത്തിന്റെ കരങ്ങള്‍ തേടി എത്തിയത് അവരവരുടെ വീടുകളിലാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുല്യം നില്‍ക്കുന്ന സാന്ത്വന പരിപാടിക്കായി ആറുമാസം മണ്ഡലത്തിലെ ഓരോ വീടും യുവാക്കള്‍ കയറിയിറങ്ങിയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.
സാന്ത്വന സാഫല്യം വേദിയിലെ ആദ്യ സഹായം നേടിയ സിനിമോള്‍ പോളിയോ തളര്‍ത്തിയ ജീവിതത്തിന്റെ നൊമ്പരകഥയുമായാണ് എത്തിയത്. മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിയില്‍നിന്ന് എണ്‍പതിനായിരം രൂപയുടെ പവര്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങുമ്പോള്‍ സിനിമോളുടെ മിഴികളില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ കാണാമായിരുന്നു.
മണ്ഡലത്തിലെ അര്‍ഹരായ 50 സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. നിര്‍ധനരായ വിധവകളെയാണ് അപേക്ഷയ്ക്കായി പരിഗണിച്ചത്. ഡബിള്‍ സ്റ്റിച്ച് ചെയ്യാവുന്ന മെഷീനുകളാണ് വിതരണം ചെയ്തത്. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഒന്‍പതിനായിരം രൂപ വിലമതിക്കുന്നതുമായ ആധുനിക രീതിയിലുള്ള മെഷീനുകളാണ് നല്‍കിയത്. അന്‍പതിലധികം പേര്‍ക്ക് സൗജന്യ കാന്‍സര്‍ രോഗനിര്‍ണയത്തിന് സൗകര്യമൊരുക്കി. കാന്‍സര്‍ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ സാന്നിധ്യം രോഗനിര്‍ണയത്തിനെത്തിയവര്‍ക്ക് ഏറെ ആശ്വാസമായി.

More Citizen News - Ernakulam