ചേംബര്‍ ഓഫ് കോമേഴ്‌സ്: മര്‍സൂക്കിനും മറ്റും ഉപാധിയോടെ ജാമ്യം

Posted on: 12 Sep 2015കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ക്രമക്കേട് സംബന്ധിച്ച കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മര്‍സൂക്കിന്റെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉപാധികളോടെ അനുവദിച്ചു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ ഉത്തരവ്.
ഹര്‍ജിക്കാര്‍ ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങി ചോദ്യംചെയ്യലിന് വിധേയരാവണം. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും സ്വീകരിച്ച് ഇവര്‍ക്ക് ജാമ്യം അനുവദിക്കാം. ജാമ്യം ലഭിച്ച ശേഷം തുടര്‍ന്നുള്ള രണ്ട് ദിവസവും രാവിലെ 10ന് ചോദ്യം ചെയ്യലിന് എത്തണം.
കൂടുതല്‍ ദിവസം ചോദ്യംചെയ്യലിന് ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അക്കാര്യം രേഖാമൂലം ഉത്തരവിടണം. അങ്ങനെ ആവശ്യപ്പെട്ടാല്‍ ഹര്‍ജിക്കാര്‍ അതുമായി സഹകരിക്കണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കീഴടങ്ങി ഒരാഴ്ചയ്ക്കകം മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം. മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെയോ അന്വേഷണത്തെയോ സ്വാധീനിക്കരുതെന്നും ജാമ്യവ്യവസ്ഥ വെച്ചിട്ടുണ്ട്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ബോര്‍ഡ് അംഗങ്ങളായ കെ. മര്‍സൂക്ക്, മാത്യു ജോര്‍ജ്, ഇ.പി. ജോര്‍ജ്, എ.ജെ. രാജന്‍, ബിജു സി. ചെറിയാന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഈ ഉത്തരവ്. ചേംബറിന്റെ 2.45 കോടി രൂപ ടി.വി. ചാനലിന് വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
ചേംബറിന്റെ അക്കൗണ്ടും ബാങ്ക് അക്കൗണ്ടുകളും ഇന്ത്യ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ് വര്‍ക്കിന്റെയും കണക്കുകളും പരിശോധിച്ചാല്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്താനാവും. രേഖകള്‍ പരിശോധിക്കലാണ് അടിസ്ഥാന ആവശ്യമെന്നിരിക്കെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്നാണ് കോടതി വിലയിരുത്തിയത്. നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്ത് ആഗസ്ത് 1-നാണ് അന്വേഷണം ആരംഭിച്ചത്.

More Citizen News - Ernakulam