പാനായിക്കുളത്തെ യോഗം: പ്രതികളുടെ വിചാരണ പൂര്‍ത്തിയായി
Posted on: 12 Sep 2015
കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ പാനായിക്കുളത്തെ ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നെന്ന കേസില്‍ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി പ്രഖ്യാപനം എന്നെന്ന് കോടതി പിന്നീട് പറയും.
2006-ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്ന കേസിലായിരുന്നു വിചാരണ.
ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേില് വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷംനാസ്, തൃശ്ശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടികുന്നേല്‍ നിസാര്‍, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹ്യുദ്ദീന്‍കുട്ടി എന്ന താഹ, പറവൂര്‍ വയലക്കാട് കാട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്കര്‍, എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍, ഈരാറ്റുപേട്ട പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹ്, പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റത്തേുകുടിയില് റിയാസ്, പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ഉളിയന്നൂര്‍ സ്വദേശി നിസാര്‍ എന്നിവരെയാണ് വിചാരണ നടത്തിയത്.
എറണാകുളം പ്രത്യേക എന്‍.ഐ.എ. കോടതി ജഡ്ജി കെ.എം. ബാലചന്ദ്രനാണ് വിചാരണ നടത്തിയത്. 50 സാക്ഷികളെയാണ് പ്രോസിക്യുഷന് സാക്ഷികളായി വിസ്തരിച്ചത്.
കേസുമായി ബന്ധപ്പെട്ട് 18 പേരെയാണ് പാനായിക്കുളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ. 16-ാം പ്രതിയായിരുന്ന റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കിയിരുന്നു. അതിനുശേഷം മറ്റ് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള വിവിധ കുറ്റങ്ങള്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണ് ചുമത്തിയത്.
സ്വാതന്ത്ര്യ ദിനത്തില്‍ ഉച്ചയ്ക്ക് 12ന് പട്രോളിങ് നടത്തുന്നതിനിടെയാണ് അന്നത്തെ എസ്.ഐ കെ.എന്‍. രാജേഷിന് സിമി പ്രവര്‍ത്തകരുടെ യോഗത്തെക്കുറിച്ച് വിവരം ലഭിച്ചത്. ആദ്യ അഞ്ച് പ്രതികളായ ഷാദുലി, റാസിക്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമ്മി എന്നിവര്‍ വേദിയിലും ബാക്കിയുള്ള പ്രതികള്‍ കേള്വിക്കാരുമായിരുന്നു. പ്രതികള്‍ മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതായി എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.