ഹാര്‍ലി ഡേവിഡ്സണ് സതേണ്‍ ഹോഗ് റാലി കൊച്ചിയില്‍
Posted on: 12 Sep 2015
കൊച്ചി: ഹാര്‍ലി ഡേവിഡ്സണിന്റെ നാലാമത് സതേണ്‍ ഹോഗ് റാലി കൊച്ചിയിലെത്തി. 13 വരെ നീണ്ടുനില്‍ക്കുന്ന റാലിയില്‍ റൈഡര്‍മാര്‍ക്കായി ഇന്റര്‍ ചാപ്റ്റര്‍ മത്സരങ്ങളും ബേണ്‍ ഔട്ട് മത്സരങ്ങളും പഞ്ചഗുസ്തി മത്സരങ്ങളും നടക്കും. ഔറംഗബാദില്‍ നടന്ന വെസ്റ്റേണ്‍ ഹോഗ് റാലിക്ക് ശേഷമാണ് ഹാര്‍ലി ഡേവിഡ്സണ് റൈഡര്‍മാര്‍ കൊച്ചി നഗരത്തെ ആവേശം കൊള്ളിക്കാന്‍ എത്തിയത്.
കേരളത്തില്‍ ഒരു വേദി വേണം എന്ന ഉപഭോക്താക്കളുടെ ആവശ്യം മുന്നില്‍ക്കണ്ടാണ് നാലാമത്തെ സതേണ്‍ ഹോഗ് റാലി നടത്തുന്നതിന് കൊച്ചി കൂടി തിരഞ്ഞെടുത്തതെന്ന് കൊച്ചി സ്പൈസ് കോസ്റ്റ് ചാപ്റ്ററിന്റെ ഡയറക്ടര്‍ ജോസ് ഇ.പി. പറഞ്ഞു.
ഒരുമിച്ച് റൈഡ് ചെയ്യാനും പരസ്പരം ബന്ധം സ്ഥാപിക്കാനും ഹാര്‍ലി ഉടമസ്ഥര്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരങ്ങളാണ് ഹോഗ് റാലികളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹംപിയില്‍ നടന്ന ആദ്യ സതേണ്‍ ഹോഗ് റാലിയില്‍ 200 റൈഡര്‍മാരാണ് പങ്കെടുത്തത്. കൊച്ചിയില്‍ എത്തുമ്പോള്‍, 1,000 റൈഡര്‍മാരുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോണല്‍ ഹോഗ് റാലിയാണ് നടക്കുന്നത്. ചണ്ഡീഗഢ്, ന്യൂഡല്‍ഹി, ജയ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ 15 ചാപ്റ്ററുകളില്‍ നിന്നുള്ള ഹാര്‍ലി ഡേവിഡ്സണ് റൈഡര്‍മാര്‍ സതേണ്‍ ഹോഗ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
ബിഗ് 5 പാച്ച് വിജയിക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും ഹാര്‍ലി ഉടമസ്ഥര്‍ ആയിരത്തോളം കിലോമീറ്ററുകള്‍ റൈഡ് ചെയ്യാറുണ്ട്. നാല് സോണല്‍ റാലികളും, ഗോവയില്‍ വെച്ച് നടക്കുന്ന ദേശീയ ഹോഗ് റാലിയും ഒരു വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കുന്ന ഹാര്‍ലി റൈഡര്‍മാര്‍ക്കു മാത്രമാണ് പാച്ച് അവാര്‍ഡ് നല്‍കുന്നത്. ബിഗ് 5 പാച്ച് വിജയിക്കാന്‍ വേണ്ടി തയ്യാറെടുക്കുന്ന നൂറിലധികം റൈഡര്‍മാര്‍, ഈ വര്‍ഷത്തെ രണ്ടാമത്തെ സോണല്‍ റാലിയായ സതേണ്‍ ഹോഗ് റാലിയില്‍ പങ്കെടുക്കുന്നുമുണ്ട്.