കൊച്ചി ഇനി സോളാര്‍ സിറ്റി
Posted on: 12 Sep 2015
മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രം അംഗീകരിച്ചു.
കൊച്ചി: രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങള്‍ക്കായുള്ള ഭാരത സര്‍ക്കാറിന്റെ സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയും. ഇതിന്റെ ഭാഗമായി കൊച്ചിയെ സോളാര്‍ സിറ്റിയാക്കുന്നതിന് കോര്പ്പറേഷന് തയ്യാറാക്കിയ 'കൊച്ചി സോളാര്‍ സിറ്റി മാസ്റ്റര്‍പ്ലാന്‍' ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എം.എന്‍.ആര്.ഇ.) അംഗീകരിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വച്ച് എം.എന്‍.ആര്.ഇ.യുടെ അപ്രൂവല്‍ കമ്മിറ്റി മുന്‍പാകെയാണ് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
മൊത്തം 696 കോടി രൂപ വരുന്ന പദ്ധതികളാണ് കൊച്ചി സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലാണ് അപ്രൂവല്‍ കമ്മിറ്റിക്ക് മുന്നില്‍ മാസ്റ്റര്‍ പ്ലാന്‍ അവതരണം നടത്തിയത്. ഊര്‍ജ്ജ സംരക്ഷണ രംഗത്തും പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗ രംഗത്തും കൊച്ചി നഗരത്തിന് ഏറെ മുതല്‍ കൂട്ടാകുന്ന പദ്ധതി ഭാരത സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ തന്നെ നടപ്പിലാക്കുന്നതിന് കൊച്ചി നഗരം പൂര്‍ണമായും സജ്ജമാണെന്ന് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് മേയര്‍ പറഞ്ഞു.
ഇനി നഗരങ്ങള്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് സൊല്യൂഷന് കാറ്റഗറിയില്‍ സോളാര്‍ സിറ്റി പദ്ധതിയും പെടും എന്നതിനാല്‍ ഭാരത സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റീസ് പദ്ധതിക്കായി പരിഗണിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലൊന്നാകാനുള്ള വലിയൊരു സാധ്യതയാണ് കൊച്ചിക്ക് കൈവന്നിരിക്കുന്നത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ സൗരോര്‍ജ്ജ പദ്ധതി, കെ.എം.ആര്.എല്‍. നടപ്പിലാക്കുന്ന ജലഗതാഗത സംവിധാനത്തിനായുള്ള ബോട്ടുകളുടെ സൗരോര്‍ജ്ജ പാനല്‍ പദ്ധതി എന്നിവ എം.എന്‍.ആര്.ഇ. അപ്രൂവല്‍ കമ്മിറ്റി പ്രത്യേകംഎടുത്തു പറഞ്ഞു. ഈ രണ്ടു പദ്ധതികളും രാജ്യത്തിന് മാതൃകയാണെന്ന് എം.എന്‍.ആര്.ഇ വിലയിരുത്തി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സൗരോര്‍ജ്ജ പദ്ധതിക്ക് നേതൃത്വം നല്കിയ വി.ജെ കുര്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുമോദിക്കുമെന്ന് എം.എന്‍.ആര്.ഇ. ഉദ്യോഗസ്ഥര്‍ കൊച്ചി മേയറെ അറിയിച്ചു. രാജ്യത്തെ 10 നഗരങ്ങള്‍ക്കായുള്ള സൗരോര്‍ജ്ജ ബോധവത്കരണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കൊച്ചിയെ എം.എന്‍.ആര്.ഇ. ക്ഷണിക്കുകയും ചെയ്തു.
വിവിധ മേഖലകളിലെ നഗരത്തിന്റെ ഇപ്പോഴത്തെ ഊര്‍ജ്ജോപയോഗം, ഭാവിയില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യകത എത്രത്തോളം, മേഖലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഇങ്ങനെ ഒട്ടനവധി വിവരങ്ങള്‍ അടങ്ങിയ രേഖയാണ് കൊച്ചി സോളാര്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍. നഗരത്തിന്റെ ഇപ്പോഴത്തെ ഊര്‍ജ്ജ ആവശ്യകതയുടെ സംക്ഷിപ്ത രൂപവും ഊര്‍ജ്ജ ഉല്പാദനത്തില് നഗരത്തിന്റെ സഹജമായ വളര്‍ച്ചയും ഉള്‍ക്കൊള്ളുന്ന രൂപത്തോടെയാണ് ഇത് തയ്യാറാക്കിയത്.
മേയറെ കൂടാതെ ടൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ജെ സോഹന്‍, അനര്‍ട്ട് സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ എച്ച്.ആര് രാജേഷ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ആശിഷ് വര്‍മ്മ എന്നിവര്‍ അപ്രൂവല്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്തു.