പരിശോധന പൂര്‍ത്തിയായില്ല; ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് നീളും
Posted on: 12 Sep 2015
ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയിലെ ബോട്ട് സര്‍വീസ് ശനിയാഴ്ചയും തുടങ്ങാനാവില്ല. ഫെറിയില്‍ ഓടിക്കുന്നതിന് ബോട്ട് സജ്ജമായെങ്കിലും പരിശോധനകള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം.
തുറമുഖ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി, ഈ ബോട്ട് കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. പോര്‍ട്ടിന്റെ അതിര്‍ത്തിയില്‍ സര്‍വീസ് നടത്തുന്ന ജലയാനങ്ങള്‍ക്ക് പോര്‍ട്ട് ട്രസ്റ്റിന്റെ പരിശോധന നിര്‍ബന്ധമാണ്. അപകടം നടന്ന സാഹചര്യത്തില്‍ േപാര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കും. രണ്ടു ദിവസം അവധിയായതിനാല്‍, ഈ പരിശോധനകള്‍ തടസ്സപ്പെടും. തുറമുഖ വകുപ്പ്, പരിശോധനകള്‍ നടത്തിയതിനാല്‍, പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതിയും ലഭിക്കുമെന്ന പ്രതീക്ഷയാണ് നഗരസഭാധികൃതര്‍ക്ക്.
ഫെറി സര്‍വീസിനായി ആലപ്പുഴയിലെ കൈനകരിയില്‍ നിന്ന്് ബാര്‍ജാണ് കൊണ്ടുവന്നിട്ടുള്ളത്. ബാര്‍ജില്‍ കൈവരികളും മേല്‍ക്കൂരയും നിര്‍മിച്ച്, യാത്രാബോട്ടാക്കി മാറ്റിയിട്ടുണ്ട്.
കുസാറ്റിലെ നേവല്‍ ആര്‍ക്കിടെക്ട് ഉള്‍പ്പെടെയുള്ളവര്‍ ബോട്ട് പരിശോധിക്കാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഫെറിയില്‍ ഈ ബോട്ട് പരീക്ഷണ ഓട്ടവും നടത്തി.
എന്നാല്‍ തിങ്കളാഴ്ച ബോട്ട് സര്‍വീസ് തുടങ്ങാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
ബോട്ടപകടത്തെ തുടര്‍ന്ന് 17 ദിവസമായി ഫെറിയില്‍ ബോട്ട് സര്‍വീസ് നിലച്ചിരിക്കുകയാണ്.