അഖിലേന്ത്യ ക്വാട്ട: ബാക്കി സീറ്റ് തിരികെ നല്‍കുന്നത് ഒരു ദിവസം നീട്ടാന്‍ നിര്‍ദേശം
Posted on: 12 Sep 2015
കൊച്ചി: മെഡിക്കല്‍ പ്രവേശനത്തില്‍ അഖിലേന്ത്യ ക്വാട്ടയില്‍ ബാക്കിവരുന്ന സീറ്റുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്കാന് നിശ്ചയിച്ച തീയതി ഒരു ദിവസം നീട്ടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയില്‍ നിന്ന് അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള പ്രവേശനം മൂന്ന് കൗണ്‍സലിങ്ങില്‍ പരിമിതപ്പെടുത്തരുതെന്ന ആവശ്യം ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ സമയം നല്‍കിക്കൊണ്ടാണിത്.
മൂന്നാമത്തെ കൗണ്‍സലിങ്ങില്‍ പ്രവേശനം കിട്ടിയവര്‍ക്ക് ചേരാന്‍ സപ്തംബര്‍ 15 വരെയാണ് നിലവില്‍ സമയം നല്‍കിയിട്ടുള്ളത്. അന്ന് ബാക്കിവരുന്ന സീറ്റുകളാണ് അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. അതിനുള്ള സമയപരിധി സപ്തംബര്‍ 16 ആക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് നിര്‍ദേശിച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ നിര്‍േദശപ്രകാരമാണ് മൂന്ന് കൗണ്‍സലിങ്ങിന്റെയും സമയം നിശ്ചയിട്ടുള്ളത്.
തുടര്‍ച്ചയായി കൗണ്‍സലിങ് നടത്തി അഖിലേന്ത്യ ക്വാട്ടയിലെ എല്ലാ സീറ്റിലേക്കും പ്രവേശനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം പെരിനാട്ടുള്ള റോഹന്‍ നെബു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.