തടിക്കല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം ഇഴയുന്നു

Posted on: 12 Sep 2015നെടുമ്പാശ്ശേരി: അടുവാശ്ശേരി തടിക്കല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ എം.എ.സുധീര്‍ ആവശ്യപ്പെട്ടു. കരാറുകാരന്റെ അനാസ്ഥയാണ് നിര്‍മ്മാണം നീണ്ടു പോകാന്‍ ഇടയാക്കിയത്
.33 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പാലത്തിന്റെ നിര്‍മ്മാണം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
9 മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണത്തിനിടെ പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നു വീണിരുന്നു. ഇതേ കുറിച്ചുള്ള അന്വേഷണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. പൊതുമരാമത്ത് ചീഫ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ കരാറുകാരനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. തകര്‍ന്നുവീണ ബീമുകള്‍ പുഴയില്‍ നിന്നും ഉയര്‍ത്തിയെടുത്ത് ക്വാളിറ്റി പരിശോധന നടത്താന്‍ പോലും അന്വേഷണ സംഘം ഇനിയും തയ്യാറായിട്ടില്ല.പാലം നിര്‍മ്മാണം നീണ്ടു പോകുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിനും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.മുന്‍പ് ഇവിടെ ജങ്കാര്‍ സര്‍വീസ് നിലനിന്നിരുന്നെങ്കിലും പാലം നിര്‍മ്മാണം ആരംഭിച്ചതോടെ അത് നിര്‍ത്തി.ഇപ്പോള്‍ ഇവിടെയുള്ള ഒരു വഞ്ചി സര്‍വീസ് മാത്രമാണ് പുഴ കടക്കാന്‍ ജനങ്ങള്‍ക്കുള്ള ഏക ആശ്രയം.പാലം നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും,നിര്‍മ്മാണത്തിനിടെ പാലം തകര്‍ന്നു വീണ സംഭവത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എം.എ.സുധീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

More Citizen News - Ernakulam