കലാം മാര്ഗിന് സൗരോര്ജവെളിച്ചം: 30 വര്‍ഷം സൗജന്യ വൈദ്യുതിക്ക് കരാറായി
Posted on: 12 Sep 2015
കൊച്ചി: മറൈന്‍ഡ്രൈവിലെ ഡോ. അബ്ദുള്‍കലാം മാര്‍ഗ് സൗരോര്‍ജ വെളിച്ചത്തിലേക്ക്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ പി.വി.ടി. പവര്‍ കമ്പനിയുമായി ജി.സി.ഡി.എ. ഇതിനായുള്ള കരാര്‍ ഉണ്ടാക്കി. പി.വി.ടി.പവര്‍-കലാം ജ്യോതി എന്ന പേരിലാണ് പദ്ധതി. പുതുവര്‍ഷത്തില്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് കമ്പനി സ്ഥാപകന്‍ ദിമിത്രിയോ ലിയോണ്‍ വ്യക്തമാക്കി. നിലവിലുള്ള സൗരോര്‍ജ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി പാനലുകളില്‍ നിന്ന് 90 ശതമാനം വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണിവിടെ നടപ്പാക്കുക.
ഫിബ്രവരി 28നകം സൗരോര്‍ജം ഉത്പാദിപ്പിച്ചുതുടങ്ങാനാണ് കരാര്‍. 30വര്‍ഷത്തേക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നതാണ് കരാറിലെ സുപ്രധാന വ്യവസ്ഥയെന്ന് ജി.സി.ഡി.എ. ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു.
പൈലറ്റ് പദ്ധതി നടപ്പാക്കിത്തുടങ്ങി മൂന്നുമാസം നിരീക്ഷണവും അവലോകനവും നടത്തും. വിജയമെന്നുകണ്ടാല്‍ ജി.സി.ഡി.എ.യുടെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഉള്‍പ്പടെയുള്ളിടത്ത് വ്യാവസായികാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ അനുമതി തേടും. രാജ്യത്താദ്യമായി ഇത്തരമൊരു പദ്ധതി പി.വി.ടി നടത്തുന്നത് കൊച്ചിയിലാണ്.
ദിമിത്രിയോ ലിയോണും ജി.സി.ഡി.എ സെക്രട്ടറി ആര്.ലാലുവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഡെമിനിക് പ്രസന്റേഷന് എം.എല്‍.എ., പാട്രിക് ലിയോണ്‍, സ്വിസ് കമ്പനിയുടെ ഭാഗമായ ജോര്‍ജ് സെബാസ്റ്റ്യന്‍, കെ.സെബാസ്റ്റ്യന്‍, വിനു ജോസ് എന്നിവരും കെ.എസ്.ഇ.ബി. മധ്യമേഖല ചീഫ് എന്‍ജിനിയര്‍ ഉദയ് പ്രതാപ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.