നെല്ല് സംഭരണ തട്ടിപ്പില്‍ പോലീസ് കേസെടുത്തു; കരാറുകാരെ കരിമ്പട്ടികയിലാക്കുമെന്ന് സപ്ലൈകോ
Posted on: 12 Sep 2015
കൊച്ചി: സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ മില്ലുടമയ്ക്കെതിരെ അധികൃതരുടെ പരാതിയില്‍ പോത്താനിക്കാട് പോലീസ് കേസെടുത്തു. കരാര്‍ ലംഘനത്തിനെതിരായാണ് കേസെടുത്തിരിക്കുന്നത്.
നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന കോതമംഗലം കടവൂരിലെ രണ്ട് സ്വകാര്യ മില്ലുകളില്‍ നിന്ന് സമയബന്ധിതമായി അരി നല്കുന്നതില് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ബുധനാഴ്ച നടന്ന പരിശോധന സംബന്ധിച്ച് അന്നുതന്നെ പോലീസിന് പ്രഥമ പരിശോധന വിവരം നല്‍കിയിരുന്നു. പിന്നീട് കണക്കുകള്‍ വിശകലനം ചെയ്തശേഷം പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ വിശദമായ പരാതിയും നല്കി. വെട്ടിപ്പ് നടത്തിയ മില്ലുകളില്‍ അവശേഷിക്കുന്ന നെല്ല് സപ്ലൈകോയുമായി നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കാലടിയിലെ സ്വകാര്യ മില്ലിലേക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കം ചെയ്യും. ഇത് ഉടന്‍ അരിയാക്കി റേഷന്‍കടകളില്‍ വിതരണത്തിന് കൈമാറും. തിരിമറി നടത്തിയ മില്ലുടമ നല്‍കിയിട്ടുള്ള ബാങ്ക് ഗാരന്റി, സെക്യൂരിറ്റി ഡെപ്പോസിറ്റ്, നെല്ല് അരിയാക്കി മാറ്റിയ വകയില്‍ സപ്ലൈകോ നല്‍കാനുള്ള തുക എന്നിവ കിഴിച്ച് ബാക്കി തുക ഈടാക്കാന്‍ നടപടി സ്വീകരിക്കും. അടുത്ത സീസണ് മുതല്‍ വെട്ടിപ്പ് നടത്തിയവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
മന്ത്രിതല ചര്‍ച്ചയില്‍ എടുത്ത തീരുമാനപ്രകാരമാണ് പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ച് പൊതുവിതരണ കേന്ദ്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തിവരുന്നതെന്നും സപ്ലൈകോ വ്യക്തമാക്കി.