കോളേജ് ഫെസ്റ്റിനിടെ നടത്താനിരുന്ന ബൈക്ക് സ്റ്റണ്ട് പോലീസ് തടഞ്ഞു
Posted on: 12 Sep 2015
കോതമംഗലം: എം.എ. കോളേജില്‍ ടെക്നിക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ച ബൈക്ക് സ്റ്റണ്ട് പോലീസ് തടഞ്ഞു.
കോളേജുകളിലെ ആഘോഷ പരിപാടികളില്‍ അപകടകരമായവ ആഭ്യന്തര വകുപ്പ് നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എം.എ. എന്‍ജിനീയറിങ് കോളേജിന്റെ ടെക്നിക്കല്‍ ഫെസ്റ്റായ 'തക്ഷകി'ന്റെ ഭാഗമായി ബൈക്ക് സ്റ്റണ്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് തടഞ്ഞത്. ഐ.ജി.യുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
കോതമംഗലം പോലീസിന്റെ മൗനാനുവാദത്തോടെയാണ് ബൈക്ക് സ്റ്റണ്ടിങ് ഒരുക്കിയിരുന്നത്. കാണികളെ നിയന്ത്രിക്കാന്‍ പോലീസും എത്തിയിരുന്നു. തിരുവനന്തപുരത്തെ കോളേജ് കാമ്പസില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായാണ് അപകടസാധ്യതയുള്ള ബൈക്ക് സ്റ്റണ്ടിങ് തടയാന്‍ തീരുമാനിച്ചത്. കേളേജില്‍ ബൈക്ക് സ്റ്റണ്ടിങ് നടക്കുന്നതായി ഐജിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഭ്യാസികള്‍ ട്രാക്കില്‍ നിരന്നു തുടങ്ങിയ ശേഷം പരിപാടി നടത്തരുതെന്ന നിര്‍ദേശം എത്തിയത് ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചു.
സംഘാടകര്‍ പോലീസ് മേധാവികളുമായി സംസാരിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മുന്‍ വര്‍ഷങ്ങളിലും ടെക്നിക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി ഇത്തരം സാഹസിക പരിപാടികള്‍ നടത്തിയിരുന്നു. കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും സംയുക്തമായാണ് 'തക്ഷക്' സംഘടിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തുന്ന ഫെസ്റ്റില്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും പങ്കെടുക്കും. 'തക്ഷകി'ന്റെ ഉദ്ഘാടനം സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് മുന്‍ സി.ഇ.ഒ. സിജോ കുരുവിള നിര്‍വഹിച്ചു. ശനിയാഴ്ചയും ഫെസ്റ്റ് തുടരും.