കേരളത്തില്‍ സി.പി.എമ്മിന്റെ ഇടം ബി.ജെ.പി നേടണം- അരുണ്‍ ജയറ്റ്‌ലി

Posted on: 12 Sep 2015



കൊച്ചി: കമ്യൂണിസം തകര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ സി.പി.എമ്മിന്റെ ഇടം ബി.ജെ.പി. നേടണമെന്ന് കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി. നേതാവുമായ അരുണ്‍ െജയറ്റ്‌ലി അഭിപ്രായപ്പെട്ടു. ബി.ജെ.പി. ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക രാഷ്ട്ര സങ്കല്പം അടിസ്ഥാനമാക്കിയുള്ള മാര്‍ക്‌സിയന്‍ ആദര്‍ശങ്ങള്‍ ലോകത്താകമാനം ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഴുവന്‍ അധികാരവും ഭരണകൂടത്തില്‍ നിക്ഷിപ്തമായ വ്യവസ്ഥിതി വിഭാവനം ചെയ്യുന്ന മാര്‍ക്‌സിസം പൊതുജനങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതാണ്. കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസിന് എതിരായ സാധാരണക്കാരുടെ സ്ഥാനമാണ് ഇടതുപക്ഷം നേടിയത്. എന്നാല്‍, ഗ്രാന്റും സബ്‌സിഡികളും ലഭ്യമാകുന്നില്ലെന്ന് പറഞ്ഞ് സമരം ചെയ്യാന്‍ മാത്രമാണ് അവര്‍ക്ക് സാധിച്ചത്. രാജ്യത്തിന്റെ വിവിധോന്മുഖമായ വികസനത്തില്‍ സംസ്ഥാനത്തെ മനുഷ്യവിഭവം ഉള്‍പ്പടെ ഒന്നും ഉപയോഗിക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ എന്നും അധികാരം പ്രമുഖ കുടുംബങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നതാണ്. എന്നാല്‍ നരേന്ദ്ര മോദി ഒരു സവര്‍ണ കുടുംബത്തിലെ അംഗമല്ലെന്നും അദ്ദേഹം പാര്‍ട്ടിയേക്കാള്‍ ജനങ്ങള്‍ക്ക് പരിചിതനായ നേതാവാണെന്നും െജയ്റ്റ്‌ലി പറഞ്ഞു.
1971ല്‍ ഉത്പാദനം കുറയ്ക്കാന്‍ ആണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ന് കൂടുതല്‍ ഉത്പാദനം ആവശ്യമായി വന്നിരിക്കുകയാണ്. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിച്ച് വികസനം സാധ്യമാക്കണം. കേരളത്തില്‍ വികസനത്തിന് അനുകൂലമായി െറയില്‍, കടല്‍ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ശ്യാമള എസ്. പ്രഭു, ലക്ഷദ്വീപ് ബി.ജെ.പി. അദ്ധ്യക്ഷന്‍ ഡോ. മുത്തുക്കോയ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam