ബാരിക്കുള് മുല്ല ഇനി 5 ാം ക്ലാസിലെ കുട്ടി........
Posted on: 12 Sep 2015
മൂവാറ്റുപുഴ: ബാരിക്കുള് മുല്ലക്ക് ഇനി മറ്റു കുട്ടികളെപ്പോലെ സ്കൂളില്‍ പോകാം. പഠിക്കാം . പുതിയ കൂട്ടുകൂടാം. മൂവാറ്റുപുഴ ബി.ആര്.സി. യിലെ ട്രെയിനര്‍മാര്‍ കണ്ടെത്തിയ ബാരിക്കുള് മുല്ലയെ മൂവാറ്റുപുഴ ടൗണ്‍ യു.പി. സ്കൂളില്‍ 5ാം ക്ലാസ്സിലാണ് ചേര്‍ത്തിരിക്കുന്നത്. മറ്റു കുട്ടികള്‍ നിറഞ്ഞ സ്നേഹത്തോടെ പുതിയ കൂട്ടുകാരനെ വരവേറ്റു. ബാരിക്കുളിന് ഇപ്പോള്‍ 11 വയസ്സായി. 4 ക്ലാസ്സുവരെ സ്വന്തം നാട്ടിലെ ഗ്രാമീണ പള്ളിക്കൂടത്തില്‍ പഠിച്ച ബാരിക്കുള് വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം പിന്നെ പോയില്ല. സ്കൂളില്‍ വിടണമെന്ന് അച്ഛന് ഇസ്തഹാര്‍ മുല്ലക്കും അമ്മ ഷാജിതാ ബീവിക്കും വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മറ്റ് നാലു മക്കളെപ്പോലെ ബാരിക്കുളിന്റെ പഠനം നാലില്‍ നിര്‍ത്തേണ്ടി വന്നു. മൂര്‍ഷിദാബാദിലെ ദ്വംപാല് ഗ്രാമത്തിലായിരുന്നു കഴിഞ്ഞ 3 മാസം മുമ്പുവരെ ഷാജിതയും കുടുംബവും. 10 വര്‍ഷമായി മൂവാറ്റുപുഴയിലുളള ഇസ്തഹാര്‍ മുല്ല ആക്രി കച്ചവടം നടത്തിയാണ് ജീവിക്കുന്നത്.
ഇവിടെയെത്തിയ ബാരിക്കുള് മുല്ല മറ്റു കുട്ടികള്‍ക്കൊപ്പം സ്കൂളില്‍ പഠിക്കാന്‍ ആഗ്രഹിച്ചു. ബി.ആര്.സി. ട്രെയിനര്‍ കെ.എം. നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വെയില്‍ ഇനിയും കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. പേഴക്കാപ്പിളളി ഗവ ഹൈസ്കൂളില്‍ 3 പേരും 2 പേര് അങ്കണവാടിയിലും പഠിക്കുന്നുണ്ട്.