സുമനസ്സുകള്‍ സഹായിച്ചു; മണിയുടെ കുടുംബത്തിന് വീടായി
Posted on: 12 Sep 2015
കുറുപ്പംപടി: സുമനസ്സുകളുടെ കാരുണ്യത്തില്‍ തുരുത്തി കടമ്പനാക്കുടി മണിയുടെ കുടുംബത്തിന് വീടായി. അകാലത്തില്‍ ഗൃഹനാഥനില്ലാതായ കുടുംബത്തിന് വേണ്ടി നാട്ടുകാര്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും.
കഴിഞ്ഞകൊല്ലം സപ്തംബര്‍ 18നാണ് ന്യുമോണിയ ബാധിച്ച് മണി മരിച്ചത്. പപ്പട നിര്‍മ്മാണ തൊഴിലാളിയായിരുന്ന മണിയുടെ മരണത്തോടെ രോഗിയായ ഭാര്യയും രണ്ടുകുട്ടികളും ദുരിതത്തിലായി.വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ സഹായിക്കാന്‍ പൗരസമിതി രൂപവത്കരിച്ച് തുരുത്തിയിലെ നാട്ടുകാര്‍ രംഗത്തിറങ്ങി. ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ മണിയുടെ കുടുംബത്തിനായി പൗരസമിതി മൂന്ന് സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു. സ്ഥലത്തിനും 750 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടിനുംകൂടി 10 ലക്ഷത്തോളം രൂപയാണ് പൗരസമിതി സമാഹരിച്ചത്. പി.പി.അവറാച്ചന് (പ്രസി.), ടി.കെ.കൃഷ്ണന്‍കുട്ടി (കണ്.), പി.ഒ.ജോര്‍ജ് (ട്രഷ.) എന്നിവരുെട നേതൃത്വത്തിലായിരുന്നു പൗരസമിതിയുടെ പ്രവര്‍ത്തനം. ഞായറാഴ്ച വൈകിട്ട് 5ന് തുരുത്തിയില്‍ നടക്കുന്ന യോഗം സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി.തങ്കച്ചന് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.