സ്‌കൂള്‍ മേളകള്‍ ബഹിഷ്‌കരിക്കും -കെ.പി.എസ്.എച്ച്.എ.

Posted on: 12 Sep 2015കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും പ്രഥമാധ്യാപകരെ ശിക്ഷിച്ച് മുഖം രക്ഷിക്കാനുളള അധികാരികളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.എച്ച്.എ.).
വേണ്ടത്ര ആലോചനയോ ആസൂത്രണമോ ഇല്ലാതെയാണ് ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതും വിതരണം ചെയ്തതും. കുട്ടികളുടെ എണ്ണവും ലഭ്യമാക്കിയിരുന്നില്ല. എന്നിട്ടും ഉത്തരവാദിത്വം ഹെഡ്മാസ്റ്ററുടെ തലയില്‍ വയ്ക്കുകയാണ്. അധ്യാപകരെ പുറത്താക്കിയത് പിന്‍വലിച്ചില്ലെങ്കില്‍ സ്‌കൂള്‍ മേളകള്‍ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു.
വടുവന്‍ചാല്‍ ഗവ. എന്‍.എസ്.എസ്. ഹെഡ്മിസ്ട്രസ് മോളി സെബാസ്റ്റ്യനെയും പരീക്ഷാ ചുമതലയുള്ള അധ്യാപകന്‍ ഉണ്ണികൃഷ്ണനെയുമാണ് പുറത്താക്കിയിരിക്കുന്നത്. ചോദ്യ പേപ്പറിന്റെ ഒരു വശം മലയാളവും മറുവശം ഹിന്ദിയും അച്ചടിച്ച് നല്‍കി ശ്രീകൃഷ്ണജയന്തി ദിവസം രാത്രിയില്‍ ചോദ്യ പേപ്പര്‍ വാങ്ങി പരീക്ഷ നടത്തിയെന്നാരോപിച്ചാണ് ഇവരെ പുറത്താക്കിയത്.
സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര നായിക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോയി മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ സന്തോഷ് ജോസഫ്, ബേബി തദേവൂസ്, ആര്‍. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam