എടയ്ക്കാട്ടുവയലില്‍ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടമായി

Posted on: 12 Sep 2015പിറവം: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടമായി. എഴിപ്പുറം ജവഹര്‍ അങ്കണവാടിക്ക് കൂടി കെട്ടിടം നിര്‍മിച്ചതോടെയാണിത്. എഴിപ്പുറം ഗവ. എല്‍.പി. സ്‌കൂളിന് സമീപം പേപ്പതിയിലെ വ്യവസായി ജെയിംസ് പോള്‍ കണ്ണങ്ങായത്ത് സൗജന്യമായി നല്‍കിയ നാല് സെന്റ് സ്ഥലത്താണ് അവരുടെകൂടി സഹായത്തോടെ 15 ലക്ഷം രൂപ ചെലവില്‍ ഇരുനില മന്ദിരം നിര്‍മിച്ചത്. മന്ത്രി അനൂപ് ജേക്കബ് അങ്കണവാടി മന്ദിരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി സമ്പൂര്‍ണ അങ്കണവാടി സംബന്ധിച്ച പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. വിജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം നിഷ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ രത്‌നാകരന്‍, എന്നിവരും ഗ്രാമ പഞ്ചായത്തംഗങ്ങളും സംസാരിച്ചു. യുവ വ്യവസായികളായ ജെയിംസ് പോള്‍, സാബു പോള്‍ കണ്ണങ്ങായത്ത് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായുള്ള 21 അങ്കണവാടികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

More Citizen News - Ernakulam