മേക്കടമ്പ് ആമ്പല്ലൂര്‍ ശിവക്ഷേത്രത്തിലെ ധ്വജ നിര്‍മാണം തുടങ്ങി
Posted on: 12 Sep 2015
മൂവാറ്റുപുഴ: മേക്കടമ്പ് ആമ്പല്ലൂര്‍ ശിവക്ഷേത്രത്തിലെ ധ്വജ നിര്‍മാണത്തിന് തുടക്കമായി. 2014 മാര്‍ച്ചില്‍ വെട്ടിയിട്ട തേക്കിന് തടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. പൂജയ്ക്കു ശേഷം പുളിക്കാപ്പറമ്പ് അജിത്ലാല്‍ ആചാരി, എരൂര്‍ ഷാജി ആചാരി എന്നിവര്‍ ചേര്‍ന്ന് മരത്തില്‍ ഉളി കൊണ്ട് കൊത്തി നിര്‍മാണത്തിനു തുടക്കം കുറിച്ചു.
55 അടി നീളവും 75 ഇഞ്ച് വണ്ണവുമുള്ള തടിയുടെ വെള്ളം വലിഞ്ഞതിനു ശേഷമാണ് നിര്‍മാണം തുടങ്ങിയത്. മണ്ഡലത്തിനു മുമ്പ് എണ്ണത്തോണിയില്‍ തടി ഇടും. ഇതിനായി 80 പാട്ട എണ്ണയും 56 കൂട്ടം പച്ച മരുന്നുകളുമാണ് ഉപയോഗിക്കുന്നത്. 23 പറകളുള്ള കൊടി മരത്തിനു 11 ലക്ഷം രൂപയാണ് നിര്‍മാണ െചലവ് പ്രതീക്ഷിക്കുന്നത്. 2017 ലെ മകര മാസത്തിലെ തിരുവാതിര ആറാട്ട് ഉത്സവത്തിന് മുന്നോടിയായി ധ്വജ പ്രതിഷ്ഠ നടത്താവുന്ന വിധത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.