വിദ്യോദയ തിരിതെളിച്ചു; പത്തുപേര്‍ക്ക് വിവാഹമംഗളം
Posted on: 12 Sep 2015
കളമശ്ശേരി: പത്ത് ജീവിതങ്ങളിലാണ് വിദ്യോദയ വെളിച്ചം നിറച്ചത്. ജീവിതത്തിന് കൂട്ട് നല്‍കിക്കൊണ്ട്. തേവയ്ക്കല്‍ വിദ്യോദയ ട്രസ്റ്റിന്റെ കാരുണ്യ സ്പര്ശത്തില് അഞ്ച് യുവതികള്‍ക്ക് വിവാഹ മംഗളം.
ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യോദയ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വിവാഹം നടത്തിയത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വധൂവരന്മാരുടെ ബന്ധുക്കളും സ്കൂളിന്റെയും ട്രസ്റ്റിന്റെയും അംഗങ്ങളും പങ്കെടുത്തു.
വിദ്യോദയ സ്കൂള്‍ രജതജൂബിലി വര്‍ഷത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഓരോ മാസവും വ്യത്യസ്തമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് വിവാഹം നടത്തിയതെന്ന് എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. ശ്രീകുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ തിരഞ്ഞെടുത്ത ക്ഷേത്രങ്ങളിലായിരുന്നു താലികെട്ട്. 11.30ന് വിദ്യോദയ ഓഡിറ്റോറിയത്തില്‍ എല്ലാവരും എത്തി.
പത്ര പരസ്യങ്ങളിലൂടെയാണ് വിവാഹത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. നൂറോളം അപേക്ഷകള്‍ കിട്ടി. സ്കൂളില്‍വച്ചു തന്നെയായിരുന്നു പെണ്ണുകാണല്‍.
വിദ്യ-ഷിജു, ശ്രീകല-വീരേന്ദ്രന്, ഷീബ-രാജപ്പന്, അമ്മിണി-കൃഷ്ണന്‍കുട്ടി, മനീഷ-രാധാകൃഷ്ണന് എന്നിങ്ങനെ പത്ത് പേരാണ് വരണമാല്യം ചാര്‍ത്തിയത്.
ഓരോരുത്തര്‍ക്കും അഞ്ച് പവന് വീതം സ്വര്‍ണം നല്കി, ഒപ്പം ഒരു വര്‍ഷത്തേക്കുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയും. വിവാഹത്തിന് ശേഷം സദ്യയും ഉണ്ടായിരുന്നു.
അന്‍വര്‍ സാദത്ത് എം.എല്‍.എ, വിദ്യാഭവന് ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്കൂളിലെ ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.