വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം
Posted on: 12 Sep 2015
കടുങ്ങല്ലൂര്‍: യു.ഡി.എഫ്. ഭരിക്കുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തതില്‍ അപാകമുണ്ടെന്നാരോപിച്ച് പ്രതിഷേധം.
പ്രതിഷേധമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് അസി. സെക്രട്ടറിയെ തടഞ്ഞുവച്ചു. മൂന്നുമാസം മുമ്പ് പഞ്ചായത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ 350 പേരുടെ പേരുകള്‍ വെട്ടിമാറ്റിയെന്നാരോപിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.
അന്നും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചുകൊണ്ടുള്ള പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ ക്രമക്കേടുകളുണ്ടെന്ന് കോണ്ഗ്രസ്സുകാര് തന്നെയാണ് ആദ്യമായി ആരോപിച്ചിരിക്കുന്നത്.
ചില വാര്‍ഡുകള്‍ തിരഞ്ഞുപിടിച്ച് മനഃപൂര്‍വം ക്രമക്കേടുകള്‍ വരുത്തിയെന്നാണ് പ്രതിഷേധമായെത്തിയ കോണ്‍ഗ്രസ് കടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. സെയ്തുക്കുഞ്ഞ്, ജനറല്‍ സെക്രട്ടറിമാരായ, ശ്രീകുമാര്‍ മുല്ലേപ്പിള്ളി, ടി.ജെ. ടൈറ്റസ്, കെ.എസ്. താരാനാഥ്, അബ്ദുല്‍ സലാം എന്നിവര്‍ ആരോപിക്കുന്നത്. ഹിയറിങ്ങിന് വിളിച്ച പലരേയും ഒഴിവാക്കിയിരിക്കുകയാണ്.
ഒരു വീട്ടില്‍തന്നെ മൂന്നുപേര്‍ അപേക്ഷ നല്കിയപ്പോള് രണ്ടുപേരെ ഉള്‍പ്പെടുത്തി, ഒരാളെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കി. ഇവര്‍ക്ക് അതിനുള്ള കാരണം കാണിച്ചുകൊണ്ടുള്ള രസീതും നല്‍കിയിട്ടില്ല.
ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തി തിരുത്തണമെന്നും അര്‍ഹരായവരെ മുഴുവന്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, പ്രതിഷേധക്കാര്‍ പരാതിപ്പെട്ടിരിക്കുന്ന എല്ലാവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓണ്‍െലെന്‍ അപേക്ഷകള്‍ക്ക് രസീത് കൊടുക്കുന്ന നടപടി പ്രായോഗികമല്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് പത്ത് ദിവസം മുമ്പുവരെ വോട്ടര്‍ പട്ടികയില്‍ ആളെ ചേര്‍ക്കാവുന്നതാണ്. ഇനി പരാതിയുള്ളവരുടെ അപേക്ഷയെത്തിയാല്‍ അത് പരിഗണിക്കാമെന്നും ഒഴിവാക്കേണ്ടി വരുന്നവര്‍ക്ക് അത് വിവരിച്ചുകൊണ്ടുള്ള നോട്ടിസ് നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.