എം.ജി. വാഴ്‌സിറ്റി ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടിയത് ഹൈക്കോടതി ശരിവച്ചു

Posted on: 12 Sep 2015കൊച്ചി: എം.ജി. സര്‍വകലാശാലയ്ക്ക് കീഴിലെ ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവുകള്‍ ഹൈക്കോടതി ശരിവച്ചു. സര്‍ക്കാറിന്റെ അനുമതിയില്ലാത്തവ പൂട്ടാന്‍ ചാന്‍സലറും സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവ പൂട്ടാന്‍ വൈസ് ചാന്‍സലറും പുറപ്പെടുവിച്ച ഉത്തരവുകളാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ശരിവച്ചത്.
നൂറിലധികം ഓഫ് കാമ്പസ് പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെതിരെ സമര്‍പ്പിക്കപ്പട്ട അഞ്ച് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അവിടെ പഠിച്ചിരുന്നവര്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് രജിസ്‌ട്രേഷന്‍ നല്‍കിയ വിദൂര വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനവസ്തുക്കള്‍ നല്‍കാനുള്ള സര്‍വകലാശാലയുടെ തീരുമാനം കോടതി അംഗീകരിച്ചു.
സര്‍വകലാശാലയുടെ പ്രവര്‍ത്തന പരിധിക്കകത്തായാല്‍പ്പോലും സിന്‍ഡിക്കേറ്റിന് ശുപാര്‍ശ നല്‍കാനുള്ള അധികാരമേ ഉള്ളൂ എന്നും സര്‍ക്കാറിന്റെ അനുമതിയോടെയേ ഓഫ് കാമ്പസ് പഠനകേന്ദ്രം തുടങ്ങാനാവൂ എന്നുമാണ് യു.ജി.സി. മാര്‍ഗനിര്‍ദേശം. അത് പരിഗണിച്ചാണ് സര്‍ക്കാറിന്റെ അനുമതിയില്ലാത്ത കേന്ദ്രങ്ങള്‍ പൂട്ടാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ 2015 ജൂണ്‍ 17ന് ഉത്തരവിട്ടത്.
ഓഫ് കാമ്പസ് പഠനകേന്ദ്രം തുടങ്ങാന്‍ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളുമായി ഫ്രാഞ്ചൈസിയുണ്ടാക്കി കോഴ്‌സ് നടത്തിപ്പ് അനുവദിക്കാനാവില്ല. വിദൂര വിദ്യാഭ്യാസ കൗണ്‍സിലും അതിന് അംഗീകാരം നല്‍കുന്നില്ല. അക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് ചാന്‍സലറുടെ ഉത്തരവെന്ന് കോടതി വിലയിരുത്തി. അതില്‍ ഇടപെടാന്‍ കാരണമില്ല.
വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം നഷ്ടമാകുന്നതിനെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. കേന്ദ്രങ്ങള്‍ പെട്ടെന്ന് ഇല്ലാതാകുന്‌പോഴും കുട്ടികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു. നേരിട്ട് രജിസ്‌ട്രേഷന്‍ നല്‍കി പഠനസൗകര്യം നല്‍കിയെന്ന് സര്‍വകലാശാല ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ആവശ്യത്തിലും ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.

More Citizen News - Ernakulam