സ്മാര്‍ട്ട് സിറ്റി: സഹനിക്ഷേപകരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കും

Posted on: 12 Sep 2015കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച സഹ നിക്ഷേപകരുടെ (കോ-ഡെവലപ്പേഴ്‌സ്) പദ്ധതികളുടെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. പദ്ധതിയുടെ ഏകദേശ രൂപരേഖകള്‍ തയ്യാറായി കഴിഞ്ഞു. നാല് ഐ.ടി. അധിഷ്ഠിത
നിക്ഷേകര്‍ക്കും ഒരു ഇതര നിക്ഷേപകനുമാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിക്ഷേപം നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ സാന്‍ഡ് ഇന്‍ഫ്ര കമ്പനി, ഹോളിഡേ ഗ്രൂപ്പ്, മാറാട്ട് ഗ്രൂപ്പ്, പ്രസ്റ്റീസ് ഗ്രൂപ്പ്, എന്നിവയാണ് ഐ.ടി. അധിഷ്ഠിത നിക്ഷേപകര്‍. 47 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിനുള്ളിലായിരിക്കും
ഈ സഹനിക്ഷേപകരുടെ കെട്ടിടങ്ങള്‍ ഉയരുക.
ലുലു ഗ്രൂപ്പിന്റെ സാന്‍ഡ് ഇന്‍ഫ്ര കമ്പനി 18 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഒരുക്കുന്നത്. ഹോളിഡേ ഗ്രൂപ്പ് 10 ലക്ഷം ചതുരശ്രയടിയിലും മാറാട്ട് ഗ്രൂപ്പ് നാല് ലക്ഷം ചതുരശ്രയടിയിലുമായിരിക്കും കെട്ടിടങ്ങള്‍ നിര്‍മിക്കുക. പ്രസ്റ്റീജ് ഗ്രൂപ്പ് 15 ലക്ഷം ചതുരശ്രയടിക്കുള്ളില്‍ രണ്ട് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ സഹ നിക്ഷേപകരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഐ.ടി. വ്യവസായമല്ലാതെ നിക്ഷേപം നടത്തുന്ന ജെംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രീ ഫാബ് വസ്തുക്കളാല്‍ അടുത്ത മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്‌കൂളില്‍ കുട്ടികള്‍ക്ക് ജൂണ്‍ മുതല്‍ പ്രവേശനം നല്‍കും. 4,500 കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളോട് കൂടിയാണ് സ്‌കൂള്‍ നിര്‍മാണം. സ്മാര്‍ട് സിറ്റിയില്‍ പതിനായിരം ചതുരശ്രയടിയില്‍ ഒരുക്കുന്ന ഡേ കെയര്‍ സെന്റര്‍ നടത്തിപ്പും ജെംസ് ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
ടീകോമിന്റെ നിക്ഷേപത്തിനു പുറമെ മികച്ച സഹനിക്ഷേപകര്‍ക്കും നിക്ഷേപം നടത്താന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ വികസനവും കെട്ടിട നിര്‍മാണവും സംബന്ധിച്ച കരാര്‍ പ്രകാരം അവസരമുണ്ട്. അതനുസരിച്ച് ആറ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആദ്യ ഓഫീസ് ഒരുങ്ങിക്കഴിഞ്ഞു. ഓരോ നിലകളിലും ഓരോ ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം വീതമുള്ള ആറ് നിലകളില്‍ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമേ അനുബന്ധ സൗകര്യങ്ങളും ഉണ്ടാവും. ജിംനേഷ്യം, ഫുഡ്‌കോര്‍ട്ട്, ഡേ കെയര്‍ സെന്റര്‍, റീട്ടെയില്‍ കടകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

More Citizen News - Ernakulam