മെഡിക്കല്‍ കോളേജിലെ രാത്രിജോലി വിവേചനം: നഴ്സുമാര്‍ സമരത്തിന്
Posted on: 12 Sep 2015
കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ നഴ്സുമാരില്‍ ചിലര്‍ക്ക് രാത്രിജോലി ഒഴിവാക്കി നല്‍കുന്നുവെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ല. ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാത്ത അവസ്ഥയാണിവിടെ. ഈ അവസരത്തില്‍ ഒന്‍പത് പേര്‍ക്ക് മാത്രം വര്‍ഷങ്ങളായി രാത്രി ജോലി ഒഴിവാക്കി നല്കുന്നതില് നഴ്സുമാര്‍ പ്രതിഷേധിച്ചിരുന്നു.
40 പരിശീലന നഴ്സുമാര്‍ കൂടി പിരിഞ്ഞുപോയതോടെ വാര്‍ഡുകളില്‍ ആളില്ലാത്ത അവസ്ഥയാണ്. പ്രശ്നത്തില്‍ സമരത്തിന് ഒരുങ്ങുകയാണ് നഴ്സുമാര്‍.
ആരോഗ്യ കാരണങ്ങളും കുടുംബ പ്രശ്നങ്ങളും പരിഗണിച്ച് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന ഇളവ് ആശുപത്രിയിലെ ഒന്‍പത് നഴ്സുമാര്‍ തുടരുകയാണെന്നാണ് ആരോപണം. വര്‍ഷങ്ങളായി രാവിലെ എട്ട് മുതല്‍ നാല് വരെയുള്ള ജോലിയാണിവര്‍ക്ക്.
ഞായറാഴ്ചകളില്‍ അവധിയുമുണ്ട്. ഇവര്‍ക്ക് രാത്രി ജോലി ഒഴിവാക്കി നല്‍കിയതോടെ മാസത്തില്‍ മൂന്ന് അധിക രാത്രിഷിഫ്ടുകള് എടുക്കേണ്ട അവസ്ഥയിലാണ് മറ്റുള്ളവര്‍.
ആറ് രാത്രിഷിഫ്ടാണ് ഇവര്‍ക്ക് സാധാരണ ഉള്ളത്. അതിപ്പോള്‍ ഒന്‍പതായി. ഇതോടൊപ്പം നഴ്സുമാരുടെ എണ്ണം കുറഞ്ഞതോടെ ഇരട്ടി ജോലിയും ചെയ്യേണ്ട അവസ്ഥയായി. ഒരു വാര്‍ഡില്‍ ഒരു നഴ്സ് മാത്രമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ഉള്ളത്.
ഇക്കാര്യത്തില്‍ നഴ്സിങ് സൂപ്രണ്ടിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയതായി നഴ്സുമാര്‍ പറയുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. മറ്റു മെഡിക്കല്‍ കോളേജുകള്‍ക്ക് സമാനമായി എല്ലാവര്ക്കും രാത്രിജോലി വിവേചനമില്ലാതെ നല്‍കണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതും നടപ്പായില്ല. മെഡിക്കല്‍ സൂപ്രണ്ടാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്.
ആസ്പത്രി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ ഡ്യൂട്ടി അനുവദിക്കുന്നത് നിലവിലെ രീതിയില്‍ തന്നെയായിരിക്കുമെന്നാണ് സൂപ്രണ്ടിന്റെ മറുപടിയെന്ന് നഴ്സുമാര്‍ പറയുന്നു. പുതിയ നിയമനങ്ങളും അതിനുശേഷം പ്രതീക്ഷിച്ചാല്‍ മതിയെന്നും അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ നഴ്സുമാര്‍ തീരുമാനിച്ചിരിക്കുന്നത്.