ഫയര്‍ഫോഴ്സ് കൈയൊഴിഞ്ഞു; കുടത്തില്‍ തലകുടുങ്ങിയ നായയെ കൗണ്‍സിലറെത്തി രക്ഷിച്ചു
Posted on: 11 Sep 2015
കാക്കനാട്: വെള്ളം കുടിക്കാന്‍ പ്ലാസ്റ്റിക് കുടത്തില്‍ തലയിട്ട നായയ്ക്ക് കുടം ഊരാക്കുടുക്കായി. ഉള്ളില്കുടുങ്ങിയ തല ഊരാനാകാതെ ഭക്ഷണവും വെള്ളവും ശ്വാസവും മുട്ടിയ പട്ടിയെ രക്ഷിക്കാന്‍ ഒടുവില്‍ കൗണ്‍സിലര്‍ രംഗത്തെത്തി.
അത്താണി നെടുംകുളങ്ങരമല നാസറിന്റെ വീട്ടിലെ പറമ്പില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് പ്ലാസ്റ്റിക് കുടത്തില്‍ പട്ടിയുടെ തല കുടുങ്ങിയത്. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവര്‍ നഗരസഭ കൗണ്‍സിലര്‍ പി.സി. മനൂപിനെ വിവരമറിയിച്ചു. ഇദ്ദേഹം തൃക്കാക്കര ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചെങ്കിലും മൃഗങ്ങളെ രക്ഷിക്കാനും മറ്റും പോകരുതെന്ന് ഡയറക്ടറുടെ പുതിയ ഉത്തരവുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. വീട്ടുവളപ്പില്‍ മരണവെപ്രാളത്തോടെ ഓടിനടന്ന നായയെ ഒടുവില്‍ കൗണ്‍സിലര്‍ തന്നെ സാഹസികമായി പിടികൂടി. തൊട്ടടുത്ത വര്‍ക്ക്ഷോപ്പില്‍ നിന്ന് കട്ടര്‍ സംഘടിപ്പിച്ച് പ്ലാസ്റ്റിക് കുടം അറുത്തുമാറ്റി നായയുടെ തല ഊരിയെടുക്കുകയായിരുന്നു.