കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒ.പി. ബ്ലോക്ക് ഡിസംബര്‍ ആദ്യവാരം തുടങ്ങും- മന്ത്രി വി.എസ്. ശിവകുമാര്‍

Posted on: 11 Sep 2015കൊച്ചി: കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒ.പി. ബ്ലോക്ക് ഡിസംബര്‍ ആദ്യവാരം പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ നവീകരിച്ച ഒ.പി. രജിസ്‌ട്രേഷന്‍ ബ്ലോക്കിലും ആസ്​പത്രി അങ്കണത്തിലും വിവിധ വാര്‍ഡുകളിലുമായി വിന്യസിപ്പിച്ചിരിക്കുന്ന 64 നിരീക്ഷണ ക്യാമറകളുടേയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.എറണാകുളം മെഡിക്കല്‍ കോളേജിലെ ഒരു ബ്ലോക്കാണ് ഒ.പി. ക്കായി തുറക്കുന്നത്. ഇതിന്റെ സീനിയര്‍ അഡ്വൈസറായി ഡോ. ആശ തോമസിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 150 കിടക്കകളുള്ള അടുത്ത ഘട്ടത്തിനായി എച്ച്.സി.സി.യെ ഏല്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എക്‌സൈസ് വകുപ്പ് 10 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉപയോഗിച്ച് ഒ.പി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റും സജീകരിക്കും. നിര്‍മ്മാണത്തിനായി ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് ഇതിനുള്ള ലോണ്‍ കണ്ടെത്തും. കൂടാതെ 450 കോടി രൂപയുടെ കേന്ദ്ര വിഹിതത്തിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക വിദഗ്ദ്ധനായി ഡോ. വി.പി ഗംഗാധരന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജനറല്‍ ആസ്​പത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്​പിറ്റാലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. പുതിയതായി തസ്തികകള്‍ സൃഷ്ടിക്കാതെ റി ഡിപ്ലോയ്‌മെന്റ് വഴി ഇത് സാധ്യമാക്കും .ഹൈബി ഈഡന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 46.5 ലക്ഷം ചെലവഴിച്ചാണ് ജനറല്‍ ആസ്​പത്രിയിലെ ഒ.പി. നവീകരണവും ആസ്​പത്രി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനായി 64 ക്യാമറകളും സ്ഥാപിച്ചത്.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്‍ഫോപാര്‍ക്കിലെ ഫ്രാഗോമെന്‍ കമ്പനി സംഭാവനയായി നല്‍കിയ 22 ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം പ്രൊഫ. കെ.വി തോമസ് എം.പി നിര്‍വഹിച്ചു. ജനറല്‍ ആസ്​പത്രി സൂപ്രണ്ട് ഡോ.ഡാലിയ വി.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോമിനിക്ക് പ്രസന്റേഷന്‍ എം.എല്‍.എ, ബെന്നി ബെഹനാന്‍ എം.എല്‍.എ, ഡി.എം.ഒ എന്‍.കെ കുട്ടപ്പന്‍ . ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം, എ.ആര്‍.എം.ഒ ഡോ. റഫീക്ക് പി.കെ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam