കണ്ണാടിപോലെ റോഡ്; തെന്നിമറിഞ്ഞ് വാഹനങ്ങള്‍
Posted on: 11 Sep 2015
തൃപ്പൂണിത്തുറ: പ്രതലം മിനുസമായ ഹില്‍പ്പാലസ് - തിരുവാങ്കുളം റോഡില്‍ വീണ്ടും വാഹനം തെന്നിമറിഞ്ഞു. ഒരു മിനിലോറി പോസ്റ്റിലിടിച്ചു. മഴ സമയത്തായിരുന്നു സംഭവം. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവിടെ നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ് 4 പേര് യാത്രചെയ്ത വാന്‍ മറിഞ്ഞത്. തൃപ്പൂണിത്തുറ നഗരസഭയുെട തിരുവാങ്കുളത്തുള്ള സോണല്‍ ഓഫീസിന് മുന്‍വശമായിരുന്നു സംഭവം. വണ്ടിക്ക് വേഗം കൂടുന്നതായും വണ്ടി ഒഴുകിപ്പോകുന്നപോലെയും തോന്നിയപ്പോള്‍ ബ്രേക്ക് ചവിട്ടിയ സമയത്താണ് വാന്‍ തെന്നി ഇടതുവശത്തേയ്ക്ക് മറിഞ്ഞതെന്ന് ഡ്രൈവര്‍ ചന്ദ്രന് പറഞ്ഞു. ആര്‍ക്കും പരിക്കില്ല.
ഇതുകഴിഞ്ഞ് ഒരു മണിക്കൂറിനകമാണ് സമീപത്തുതന്നെ ഒരു വൈദ്യുതിപോസ്റ്റില്‍ മിനിലോറി ഇടിച്ചത്. ലോറി തെന്നി പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ് വട്ടം ഒടിഞ്ഞു. രണ്ട് വാഹനങ്ങളും ചോറ്റാനിക്കര ഭാഗത്തേക്ക് പോകുകയായിരുന്നു.
കേശവന്പടി മുതല്‍ നഗരസഭാ സോണല്‍ ഓഫീസിന്റെ മുന്‍വശംവരെ റോഡിന്റെ പ്രതലം ടാറിട്ട് വളരെ മിനുസപ്പെടുത്തിയിരിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ഇവിടെ അപകടമരണം വരെ ഉണ്ടായിട്ടും അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടില്ല. റോഡിന്റെ ഒരുഭാഗം മാത്രമാണ് ഏതാനും വാര മിനുസമായി കിടക്കുന്നത്. ചോറ്റാനിക്കരയ്ക്കുള്ള ഭാഗത്താണിത്. ഒരുവര്‍ഷം മുമ്പ് ഇവിടെ വണ്ടി തെന്നിമറിഞ്ഞ് മീന്കച്ചവടക്കാരന് മരിച്ചതിനെത്തുടര്‍ന്ന് ക്ഷുഭിതരായ ജനങ്ങള്‍ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ദേശീയപാതാ അധികൃതര്‍ ജെസിബി കൊണ്ട് റോഡിന്റെ പ്രതലം കുറെ മാന്തിയിരുന്നു. പിന്നീടും മഴയത്ത് അപകടങ്ങള്‍ ഇവിടെ തുടരുകയാണ്. നിരന്തരം വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പ്രധാന റോഡാണിത്. വലിയ ദുരന്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മഴയത്ത് ഡ്രൈവര്‍മാര്‍ വണ്ടി ബ്രേക്ക് ചെയ്യുമ്പോഴാണ് മറിയുകയും ഇടിക്കുകയും ചെയ്യുന്നത്. വ്യാഴാഴ്ച വൈദ്യുതിപോസ്റ്റിലിടിച്ച മിനിലോറി തെന്നി റോഡിന്റെ മറുഭാഗത്തേക്കാണ് പോയത്.