വാസ്തവവിരുദ്ധ പ്രസ്താവന നടത്തിയ മേയര്‍ മാപ്പ് പറയണമെന്ന് സി.പി.എം.

Posted on: 11 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തിന് ഉത്തരവാദിയായ നഗരസഭാ മേയര്‍ ടോണി ചമ്മണി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി രക്ഷപ്പെടുവാനുള്ള വെപ്രാളത്തില്‍ സി.പി.എമ്മിനെതിരെ നുണ പ്രചാരണം അഴിച്ചു വിടുകയാണെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി. ടോണി ചമ്മണി തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കള്ള പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുകയാണ്. ബോട്ടില്‍ ഇടിച്ച വള്ളം ജില്ലയിലെ സി.പി.എം. നേതാവിന്റെ ബന്ധുവിന്റേതാണെന്നതു കൊണ്ടാണ് അതിനെക്കുറിച്ച് ഒന്നും പറയാത്തതെന്ന മേയറുടെ അഭിപ്രായം പച്ചക്കളമാണ്.
അപകടമുണ്ടാക്കിയ 'ബസ്സലേന്‍' വള്ളം പത്ത് പേര്‍ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഈ ഗ്രൂപ്പിന്റെ ലീഡര്‍ കണ്ടകാവ് പടിഞ്ഞാറ് താമസിക്കുന്ന അറക്കന്‍ മൈക്കിളിന്റെ മകന്‍ കുഞ്ഞുമോനാണ്. കുഞ്ഞുമോന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ഭരണ നേതൃത്വത്തിലുള്ള ചെല്ലാനം കണ്ടകടവ് മത്സ്യ തൊഴിലാളി ക്ഷേമ സഹകരണ സംഘം നല്‍കിയ 18 ലക്ഷം രൂപയുടെ വായ്പയാണ് മത്സ്യബന്ധന വള്ളത്തിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരുടേതായി ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ സുനാമി ദുരിത സഹായമായി വള്ളത്തിന് വലയും നല്‍കിയിട്ടുണ്ട്.
ഗ്രൂപ്പ് ലീഡര്‍ കുഞ്ഞുമോനോ മാറ്റരെങ്കിലുമോ സി.പി.എമ്മുമായി ബന്ധമുള്ളവരല്ല. സി.പി.എമ്മിന് നേരെ വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തിയ മേയര്‍ ടോണി ചമ്മണി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ആവശ്യപ്പെട്ടു

More Citizen News - Ernakulam