ബോട്ട് ദുരന്തം: കൊച്ചി കോര്പ്പറേഷന് കടുത്ത അനാസ്ഥ കാട്ടി-ന്യൂനപക്ഷ കമ്മിഷന്
Posted on: 11 Sep 2015
കാക്കനാട്: പതിനൊന്ന് പേരുടെ ജീവനപഹരിച്ച ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ കൊച്ചി നഗരസഭ കടുത്ത അനാസ്ഥയാണ് കാണിച്ചതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്. ദുരന്തത്തിനു ശേഷം കമ്മിഷനംഗം അഡ്വ. വി.വി. ജോഷി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. 35 വര്‍ഷം പഴക്കമുള്ള ബോട്ട് ബിസ്കറ്റ് പൊടിയുന്നതുപോലെയാണ് കാണപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ആഴംകൂടിയ കപ്പല്‍ചാലിലൂടെ ഇത്രയും പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്കിയ കൊച്ചി കോര്പ്പറേഷന് അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിച്ചതെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
ദുരന്തം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കൊച്ചി കോര്പ്പറേഷന്, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍, നഗരസഭ സെക്രട്ടറി, ബോട്ട് സര്‍വീസ് കരാറെടുത്ത പനയപ്പിള്ളിയിലെ കൊച്ചിന് സര്‍വീസസ് എന്നിവര്‍ക്ക് അടിയന്തരമായി നോട്ടീസ് അയയ്ക്കാന്‍ കമ്മിഷന് തീരുമാനിച്ചു. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോര്‍പറേഷനും ഡെപ്യൂട്ടി കണ്‍സര്‍വേറ്ററും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് കളക്ടര്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശം നല്കി. അപകടത്തില്‍ മരിച്ച ഏറ്റവും സാധുക്കളായവരുടെ ബന്ധുക്കള്‍ക്ക് വീടും തൊഴിലും അനുവദിക്കണമെന്ന് കമ്മിഷന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ദുരന്തത്തെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി മേഖലയില്‍ നിര്‍ത്തിവെച്ച ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കമ്മിഷന് കൊച്ചി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
പൊന്നാരിമംഗലം മിലിട്ടറി ക്യാമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് നാവികസേനാംഗങ്ങള്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിച്ചുവെന്ന പരാതിയില്‍ ഫാ. ഹിപ്പോളിറ്റസ് കട്ടിക്കാട്ട് സമര്‍പ്പിച്ച പരാതിയില്‍ സിറ്റി പോലീസ് കമ്മീഷണറോട് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. കൊച്ചിയിലെ ചേരികളില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ നിന്ന് അധികൃതര്‍ തഴയുകയാണെന്നുകാട്ടി എം. മുഹമ്മദ് ഉമര്‍ സമര്‍പ്പിച്ച പരാതിയില്‍ കോര്പ്പറേഷന് നോട്ടീസ് അയയ്ക്കും. ഇവിടെ ഫ്ലറ്റ് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് കോര്പ്പറേഷന് പിന്മാറിയതായി പരാതിക്കാരന് പറയുന്നു. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്മാന് എം. വീരാന്‍ കുട്ടിയെക്കൂടാതെ അഡ്വ. കെ.പി. മറിയുമ്മയും പങ്കെടുത്തു. ആകെ 19 പരാതികളാണ് പരിഗണനയ്ക്കെത്തിയത്.