ദാസന്റെ പച്ചക്കറി കൃഷി നാടിന് മാതൃകയായി

Posted on: 11 Sep 2015ചെറായി: പച്ചക്കറി കൃഷിയുമായി മുന്നോട്ട് പോകുകയാണ് ചെറായി തച്ചോറവീട്ടില്‍ ടി.കെ.ദാസന്‍.
തന്റെ 30 സെന്റ് വീട്ടുവളപ്പില്‍ പച്ചവിരിപ്പിട്ട കൃഷിത്തോട്ടത്തില്‍ വിവിധങ്ങളായ കൃഷികളാണ് നടത്തിവരുന്നത്. ചേന, ചേമ്പ്, പടവലം, പാവയ്ക്ക, തക്കാളി, ഇറ്റാലിയന്‍ മുളക്, ചീര, വാഴ, ഇഞ്ചി, വെണ്ട, വഴുതന, വെള്ളരി, പീച്ചില്‍, കപ്പ എന്നിവയാണ് കൃഷിത്തോട്ടത്തിലുള്ളത്. ആനക്കൊമ്പന്‍ വെണ്ടയാണ് തോട്ടത്തിലെ താരം. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ജൈവ വളത്തിലാണ് ഈ കര്‍ഷകന്റെ കൃഷി. എന്നാല്‍ പച്ചക്കറി കൃഷിയില്‍ മാത്രമല്ല ആയുര്‍വേദ ഔഷധച്ചെടികളും അലങ്കാര മത്സ്യങ്ങളും ദാസന്റെ കൃഷിത്തോട്ടത്തിന് അനുബന്ധമായി വളര്‍ത്തിവരുന്നുണ്ട്. കീഴാര്‍നെല്ലി, പനിക്കൂര്‍ക്ക, തുളസി, അരൂത, വയമ്പ്, തുടങ്ങി ഇരുപതോളം ഔഷധച്ചെടികളും തോട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പള്ളിപ്പുറം സഹകരണ ബാങ്കിന്റെയും കൃഷിഭവന്റെയും സഹായ സഹകരണത്തോടെയാണ് ഈ കര്‍ഷകന്റെ കൃഷി. വിളവെടുപ്പ് കഴിഞ്ഞാല്‍ വീട്ടാവശ്യം കഴിച്ച് ബാക്കി വരുന്ന പച്ചക്കറി ഫലങ്ങള്‍ പള്ളിപ്പുറം സഹകരണബാങ്കിന്റെ പച്ചക്കറിസ്റ്റാള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ 20000 രൂപയുടെ പച്ചക്കറി വിറ്റുവരുന്നതായി ദാസന്‍ പറഞ്ഞു. വില നിലവാരമല്ല ഗുണ നിലവാരമാണ് ദാസന്റെ പച്ചക്കറിയുടെ മേന്‍മ. കൃഷിഭവന്‍, പഞ്ചായത്ത്, ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും ഇതിനകം മികച്ച കര്‍ഷകനുള്ള ഏഴില്‍പ്പരം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

More Citizen News - Ernakulam