പുറമ്പോക്ക് കൈയേറി റോഡ് നിര്‍മിച്ചതായി പരാതി

Posted on: 11 Sep 2015കൈയേറിയത് 55 സെന്റ്; പുറമ്പോക്ക് കുളവും നികത്തി


ആലുവ:
ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റോഡില്‍ കീഴ്മാട് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പകലോമറ്റത്തുള്ള പാറക്കുളം നികത്തി റോഡുണ്ടാക്കിയതായി പരാതി. ഏകദേശം 55 സെന്റോളം വരുന്ന സ്ഥലമാണ് കൈയേറിയിരിക്കുന്നത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് മണ്ണിട്ട് റോഡ് നിര്‍മിച്ചാണ് കൈയേറ്റം നടത്തിയിരിക്കുന്നത്.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കാനായി ഗ്രാമസഭ കണ്ടെത്തിയ സ്ഥലമാണ് കൈയേറിയിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
അനധികൃതമായി നിര്‍മിച്ച വഴിക്ക് സമാന്തരമായി ഈ ഭൂമിയിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുകയും പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്ത്, െറവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് കൈയേറ്റം നടന്നിട്ടുള്ളതെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ നേതാക്കളായ സി.കെ. പരമുവും അന്‍സാര്‍ അമ്പാടും ആരോപിച്ചു.
പൊതുസ്ഥലം കൈയേറി റോഡ് നിര്‍മിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിവിധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
പാറക്കുളവും അനുബന്ധ സ്ഥലവും കൈയേറി സമീപത്തെ കടവില്‍ എന്റര്‍പ്രൈസസ് എന്ന ക്രഷര്‍ ഉടമകള്‍ അനധികൃതമായി റോഡുണ്ടാക്കിയതായി പരാതിയില്‍ പറയുന്നു. ഇതിന് പുറമെ അധികൃതരുടെ ഒത്താശയോടെ വൈദ്യുതി പോസ്റ്റിട്ട് ലൈന്‍ വലിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
അനധികൃത കൈയേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് പൊന്നാട് കവലയിലാണ് യോഗം നടക്കുക.

More Citizen News - Ernakulam