വോട്ടിങ് യന്ത്രം തയ്യാര്‍; ഇനി സ്ഥാനാര്‍ത്ഥികളെ വേണം

Posted on: 11 Sep 2015കാക്കനാട്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളു. എന്നാല്‍ അണിയറയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൊടിപൊടിക്കുകയാണ് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍. ജില്ലയിലേക്കാവശ്യമായ 13,000 വോട്ടിങ് യന്ത്രങ്ങളുടെ പ്രാരംഭഘട്ട പരിശോധന പൂര്‍ത്തിയായി വരുന്നു. യന്ത്രങ്ങള്‍ വോട്ടെടുപ്പിനു സജ്ജമാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
കളക്ടറേറ്റിലെ പുതിയ ബ്ലോക്കായ ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിലെ വരാന്തയിലാണ് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന. ഹൈദരാബാദില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാരാണ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ജില്ലയിലെ 11 നഗരസഭകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലേക്കുമുള്ള 750 വോട്ടിങ് യന്ത്രങ്ങളുടെ ഗുണമേന്മയാണ് പരിശോധിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു. നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മള്‍ട്ടി-പര്‍പ്പസ് മള്‍ട്ടി ലെവല്‍ ഇലക്ട്രോണിക് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.
സാധാരണ വോട്ടിങ് യന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്ക് ഒരു കണ്‍ട്രോള്‍ യൂണിറ്റ് വഴി വോട്ട് ചെയ്യാമെന്നതാണ് മള്‍ട്ടി-പര്‍പ്പസ് മള്‍ട്ടി ലെവല്‍ ഇലക്ട്രോണിക് യന്ത്രങ്ങളുടെ സവിശേഷത. ഇതിനോട് ഘടിപ്പിച്ച മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ വഴി ഒരേസമയം മൂന്നിടങ്ങളിലേക്കും വോട്ട് ചെയ്യാം. മൂന്നു പഞ്ചായത്തുകളിലേക്കുമുള്ള വോട്ടുകള്‍ ഒരേസമയം എണ്ണാനാവുമെന്ന സൗകര്യവും ഇതിലുണ്ട്. എടുത്തുമാറ്റാവുന്ന ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ്യൂളി (ഡി.എം.എം) ലാണ് വോട്ടുകള്‍ രേഖപ്പെടുക. കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്കു പകരം ഇവ മാത്രം ഊരിയെടുത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പെട്ടിയിലാക്കി സീല്‍ ചെയ്താണ് ട്രഷറികളില്‍ സൂക്ഷിക്കുക. ഒരു പോളിങ് സ്റ്റേഷനിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് നല്‍കുന്നത്.
ഒന്നാം ഘട്ട പരിശോധനയ്ക്കു ശേഷം സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും മറ്റും യന്ത്രത്തില്‍ ചേര്‍ക്കുന്ന പ്രക്രിയയാണ് നടത്തുക. വിവിധ പാര്‍ട്ടികളുടെ സാന്നിധ്യത്തിലാകും ഇത്. ഇവ പിന്നീട് സീല്‍ ചെയ്ത് പോളിങ് ബൂത്തുകളിലെത്തിക്കും.

വോട്ടിങ് യന്ത്രം ഇന്ന് പരിചയപ്പെടുത്തും

കാക്കനാട്:
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. ജില്ലയിലെ ബ്ലോക്കുകളില്‍ നിന്നുള്ള ട്രെയിനര്‍മാരാണ് പങ്കെടുക്കുന്നത്. പിന്നീട് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ടത് ബ്ലോക്കുതല ട്രെയിനര്‍മാരാണ്.

More Citizen News - Ernakulam