പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപ്പണി വൈകുന്നു; കുടിവെള്ള ക്ഷാമത്തിന് സാധ്യത
Posted on: 11 Sep 2015
കോതമംഗലം: പെരിയാര്‍വാലി ഇറിഗേഷന്‍ പദ്ധതിയുടെ കനാലുകളില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ താളംതെറ്റി. പണികള്‍ യഥാസമയം നടക്കാത്തതുകൊണ്ട് വേനലില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമത്തിന് ഇടയാകും. നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക വിളകളേയും ബാധിക്കാനും സാധ്യതയുണ്ട്.
പെരിയാര്‍വാലിയുടെ ഭൂതത്താന്‍കെട്ട് ബാരേജ് മുഖേനയാണ് കനാലുകളിലേക്ക് വെള്ളം നിയന്ത്രിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പെരിയാര്‍വാലിയുടെ ഹൈലെവല്‍, ലോലെവല്‍, ബ്രാഞ്ച് കനാലുകളിലൂടെ ജലവിതരണം നടത്തുന്നത്. കനാലുകള്‍ക്ക് ആകെ 750 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ഈ കനാലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കേണ്ട സമയമാണ് ഇപ്പോള്‍. ഇതിനായി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കുകയും കനാലുകള്‍ അടക്കുകയും ചെയ്തിട്ട് മാസങ്ങളായി. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടികള്‍ ഇഴയുകയാണ്.
ജൂണില്‍ മഴക്കാലം ആരംഭിക്കുന്നതോടെ തുറക്കുന്ന ബാരേജ് ഷട്ടര്‍ നവംബര്‍ മാസത്തോടെയാണ് അടക്കുന്നത്. ഇക്കാലയളവിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇക്കുറി സപ്തംബറായിട്ടും കനാലില്‍ പണികള്‍ നടത്തിയിട്ടില്ല. ജലവിതരണം ആരംഭിക്കേണ്ടപ്പോള് അറ്റകുറ്റപ്പണി വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കും.
കനാലുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് ആറുകോടി രൂപയാണ്. ആകെ 24 കോടി ആവശ്യമുണ്ടെന്നായിരുന്നു പെരിയാര്‍വാലിയുടെ റിപ്പോര്‍ട്ട്. ഇത് വെട്ടിക്കുറച്ചാണ് ആറ് കോടി രൂപയുടെ അറ്റകുറ്റപ്പണി മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ആറ് കോടി രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് സംബന്ധിച്ച് പെരിയാര്‍വാലി സമര്‍പ്പിച്ച ആക്ഷന്‍ പ്ലാനിനും ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. വളരെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ മാത്രം നടത്താനാണ് പെരിയാര്‍വാലിയുടെ തീരുമാനം.
കനാലിന്റെ വശങ്ങളിലുള്ള കാടുവെട്ടി തെളിക്കുകയും കനാലുകളിലെ ചെളി നീക്കം ചെയ്യുകയും ചെയ്യുന്നത് വര്‍ഷങ്ങളായി തൊഴിലുറപ്പ് പദ്ധതി വഴിയാണ്. ഈ വര്‍ഷം തൊഴിലുറപ്പ് പണിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വര്‍ഷം മഴ കുറവായതിനാല്‍ കനാലുകള്‍ വഴിയുള്ള ജലവിതരണം ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കേണ്ടി വരും. അല്ലെങ്കില്‍ ജില്ലയിലെമ്പാടും ജലക്ഷാമത്തിന് കാരണമാകും. അറ്റകുറ്റപ്പണികള്‍ വൈകിയാല്‍ ജലക്ഷാമം പരിഹരിക്കാന്‍ പെരിയാര്‍വാലിയുടെ സഹായം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടാകും.