ജീവന് രക്ഷിക്കാന്‍ ജീവന് പണയം വെച്ച് മാര്‍ട്ടിന്റെ അഗ്നിശയനം
Posted on: 11 Sep 2015
കോതമംഗലം: കത്തിജ്ജ്വലിക്കുന്ന തീക്കു മീതേ ഇരുമ്പുതകിടില്‍ കുപ്പിച്ചില്ല് വിരിച്ച് മൂന്ന് ദിവസം കിടക്കുക എന്ന അതി സാഹസിക യജ്ഞമായ അഗ്നിശയനത്തിന് മാര്ട്ടിന് മേയ്ക്കമാലി തയ്യാറെടുക്കുന്നത് പണമോ പ്രശസ്തിയോ മോഹിച്ചല്ല; രോഗ ദുരിതങ്ങളില്‍ വലയുന്ന ജെനീഷ എന്ന യുവതിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം.
തീ ഉയരുന്ന അടുപ്പിന് മുകളില്‍ ഇരുമ്പുതകിടില്‍ കുപ്പിച്ചില്ല് വിരിച്ചുണ്ടാക്കിയ ബെഡ്ഡില്‍ കിടക്കലാണ് അഗ്നിശയനം.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനാണ് വടാട്ടുപാറ സ്വദേശി മാര്ട്ടിന്.
ഹൃദയവും ശ്വാസകോശവും മാറ്റിവെച്ചാലേ ജീവിക്കാനാകൂ എന്ന സ്ഥിതിയിലുള്ള കുട്ടമ്പുഴ അമ്പാടന്‍ വര്‍ഗീസിന്റെ മകള്‍ ജെനീഷ (24) യുടെ ചികിത്സാ െചലവ് കണ്ടെത്താനാണ് മാര്ട്ടിന് മേയ്ക്കമാലി എന്ന യുവ മജീഷ്യന്റെ സാഹസിക യജ്ഞം. കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ചാണ് ഈ പരിപാടി ഒരുക്കന്നത്.
ഇതിന് മുന്നോടിയായുള്ള പരിശീലന പ്രകടനം അദ്ദേഹം വ്യാഴാഴ്ച വീട്ടുമുറ്റത്ത് കാഴ്ചവച്ചു. ആറടി നീളവും മൂന്നടി വീതിയും മൂന്നടി ഉയരവുമുള്ള വലിയ അടുപ്പിന് മുകളില്‍ ഇരുമ്പുതകിടില്‍ നിറയെ കുപ്പിച്ചില്ലിട്ട് അതിന് മുകളില്‍ അര മണിക്കൂറോളം കിടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാമചന്ദ്രന് തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു പരിശീലന പ്രകടനം. അഗ്നിശയനത്തില് നിന്ന് എഴുന്നേറ്റ് വന്ന മാര്‍ട്ടിനെ കെട്ടിപ്പിടിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഹസ്തദാനം ചെയ്തു. ദേഹത്ത് പൊള്ളലോ കുപ്പിച്ചില്ല് കൊണ്ടുള്ള പാടോ പറ്റിയിട്ടില്ലായെന്ന് മാര്ട്ടിന് കാണിച്ചു കൊടുത്തു. വര്‍ഷങ്ങളായുള്ള പരിശീലനത്തിലൂടെയാണ് മാര്ട്ടിന് ഈ വിദ്യ സ്വായത്തമാക്കിയതെന്ന് 'മാതൃഭൂമി'യോട് പറഞ്ഞു.
ഒക്ടോബര്‍ ആദ്യവാരത്തില്‍ മൂന്ന് ദിവസത്തെ അഗ്നിശയനത്തിനിടയില് നാല് പ്രാവശ്യമായി ഒന്നര മണിക്കൂര്‍ ഭക്ഷണത്തിനും മറ്റ് പ്രാഥമിക കാര്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങുകയുള്ളൂവെന്ന് മാര്ട്ടിന് വ്യക്തമാക്കി. പരിപാടിയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ജെനീഷയുടെ ചികിത്സാ െചലവിലേക്കായി കൈമാറും. മുന്‍പ്, മാജിക്കിലൂടെയും സര്‍പ്പ യജ്ഞങ്ങളിലൂടെയും പാമ്പുകള്‍ക്കും തേളുകള്ക്കുമൊപ്പമുള്ള സാഹസിക പ്രകടനങ്ങളിലൂടെയും മാര്ട്ടിന് ശ്രദ്ധ നേടിയിട്ടുണ്ട്.