കാസര്‍കോട് ബാങ്ക് കവര്‍ച്ച: സഹകരണ ബാങ്കുകളില്‍ സുരക്ഷ ശക്തമാക്കുന്നു

Posted on: 11 Sep 2015



കോതമംഗലം: സഹകരണ ബാങ്കുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. കാസര്‍കോട് സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. പല ബാങ്കുകളിലും സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്രയില്ലെന്ന് വ്യക്തമായിട്ടുണ്ട്.
നിരീക്ഷണ ക്യാമറയുടെ അഭാവമാണ് പല ബാങ്കുകളുടേയും പ്രധാന പ്രശ്‌നം. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബാങ്കുകളുമുണ്ട്. ഹെഡ് ഓഫീസുകളേക്കാള്‍ ശാഖകളുടെ സുരക്ഷയുടെ കാര്യത്തിലാണ് പോരായ്മകളേറെയുള്ളത്.
ഈ സാഹചര്യത്തില്‍ എല്ലാ സഹകരണ ബാങ്കുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കര്‍ശന നിര്‍ദേശമാണ് സഹകരണ വകുപ്പ് നല്‍കിയിട്ടുള്ളത്. കോതമംഗലം താലൂക്കിലെ ബാങ്ക് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി സഹകരണ വകുപ്പ് അധികാരികള്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശമുള്ളതാണ്. ഇത് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. പുതിയ സാഹചര്യത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം.

More Citizen News - Ernakulam