ബസ് സ്റ്റാന്‍ഡ് നവീകരണത്തില്‍ അഴിമതിയെന്ന് ; കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Posted on: 11 Sep 2015
പോത്താനിക്കാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരിച്ചതില്‍ ഇടതുമുന്നണി അഴിമതി നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം നടത്തി. പണി പൂര്‍ത്തിയാകാത്ത ബസ് സ്റ്റാന്‍ഡ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം പിറ്റേന്ന് തന്നെ മുന്നണിയുടെ നേതൃത്വത്തില്‍ കരാറുകാരനെ തടഞ്ഞത് ദുരുദ്ദേശ്യപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലോകബാങ്ക് സഹായവും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് വിരിക്കല്ല് പാകിയാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. തൊണ്ണൂറ് ശതമാനം പണികള്‍ പൂര്‍ത്തിയായപ്പോഴാണ് ഇതിന്റെ ഉദ്ഘാടനം തിടുക്കപ്പെട്ട് നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞയുടനെ വിരിക്കല്ലുകള്ക്ക് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പണി തടയുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിന്റെ രണ്ട് കവാടങ്ങളില്‍ ഒന്നിന്റെ പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും വിരിക്കല്ലിന്റെ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിക്കാത്തവര്‍ പിന്നീട് പണിതടയാന് ശ്രമിച്ചത് കരാറുകാരനില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് അധ്യക്ഷത വഹിച്ചു. എം.എം. മത്തായി, ഷാജി സി. ജോണ്‍, കെ.വി. കുര്യാക്കോസ്, ഷാന്‍ മുഹമ്മദ് എല്‍ദോച്ചന്‍ കുര്യാക്കോസ്, ടി.ജി. എബ്രാഹം എന്നിവര്‍ സംസാരിച്ചു.