തെരുവുനായ്ക്കൂട്ടം താറാവുകളെ കടിച്ചുകൊന്നു

Posted on: 11 Sep 2015തൃപ്പൂണിത്തുറ: വീട്ടുവളപ്പിലെ താറാവിന്‍കൂട് ആക്രമിച്ച് തെരുവുനായ്ക്കൂട്ടം 12 താറാവുകളെ കടിച്ചുകൊന്നു. ഇതില്‍ എട്ടെണ്ണത്തിനെ തിന്നുകയും ചെയ്തു. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര വലിയകാട് കളത്തിത്തറയില്‍ തങ്കപ്പന്റെ വളര്‍ത്തു താറാവുകളെയാണ് നായ്ക്കള്‍ കൂട്ടത്തോടെയെത്തി കൊന്നുതിന്നത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. മുട്ടയിടുന്ന താറാവുകളെയാണ് നഷ്ടമായത്. നിര്‍ധന കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.
വ്യാഴാഴ്ച രാവിലെ കൂട്ടില്‍ രണ്ട് താറാവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് താറാവുകളില്‍ നാലെണ്ണത്തിനെ നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ പൊന്തക്കാട്ടില്‍ നിന്നാണ് കിട്ടിയത്. ദിവസം പത്ത് മുട്ട വീതം കിട്ടുമായിരുന്നെന്നും അത് തങ്ങള്‍ക്ക് ഒരു വരുമാനമായിരുന്നുവെന്നും തങ്കപ്പന്റെ ഭാര്യ യശോദ (64) പറഞ്ഞു.
ഇത് നാലാം തവണയാണ് ഈ വീട്ടില്‍ നിന്ന് താറാവുകളെ നായ്ക്കള്‍ കടിച്ചെടുത്തുകൊണ്ടുപോകുന്നത്. ആദ്യം 15-ഉം പിന്നീട് 10-ഉം മൂന്നാം തവണ ആറും താറാവുകളെ നായ്ക്കള്‍ കൊന്നതായി യശോദ പറഞ്ഞു. ഒരു മാസം മുമ്പ് ഇതിനടുത്ത് പാടത്തുനിന്ന് ദാസന്‍ എന്ന താറാവ് കര്‍ഷകന്റെ കുറേ താറാവുകളെ നായ്ക്കളുടെ കൂട്ടം കടിച്ചെടുത്തുകൊണ്ടുപോയിരുന്നു. നായ്ക്കള്‍ കാരണം ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടവും ഈ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ സ്വയം സഹിക്കുകയാണ്.

More Citizen News - Ernakulam