കൊച്ചി വിമാനത്താവളത്തില്‍ 74 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: 11 Sep 2015
നെടുമ്പാശ്ശേരി:
കൊച്ചി വിമാനത്താവളത്തില്‍ പമ്പരത്തിനുള്ളിലും മിക്‌സര്‍ ഗ്രൈന്‍ഡറിനുള്ളിലും ഒളിപ്പിച്ച്് കടത്തിക്കൊണ്ടുവന്ന 74 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന 2 യാത്രക്കാരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി മലിന്‍ഡോ എയര്‍ വിമാനത്തില്‍ സിംഗപ്പുരില്‍ നിന്ന് കോലാലംപുര്‍ വഴി എത്തിയ തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് ഖലീല്‍, വ്യാഴാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി അന്‍വര്‍ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്. മുഹമ്മദ് ഖലീല്‍ ആണ് പമ്പരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്്് കടത്തിക്കൊണ്ടുവന്നത്. ഇയാളുടെ പക്കല്‍ നിന്ന് 800 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പമ്പരത്തിന്റെ ഭാഗമെന്നോണം ഘടിപ്പിച്ചിരുന്ന 25 സ്വര്‍ണ ദണ്ഡുകളാണ് പിടികൂടിയിരിക്കുന്നത്. ഇയാളില്‍ നിന്ന് പിടികൂടിയ സ്വര്‍ണത്തിന് 21 ലക്ഷം രൂപ വില വരും.

അന്‍വറാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ ഉള്ളില്‍ 2 കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നത്. മിക്‌സര്‍ ഗ്രൈന്‍ഡര്‍ മോട്ടോറിന്റെ ഭാഗമെന്നോണം സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. അഷ്ടകോണം ആകൃതിയിലുള്ള 45 സ്വര്‍ണ പ്ലേറ്റുകളാണ് ഉണ്ടായിരുന്നത്. ഇയാളില്‍ നിന്ന് പിടികൂടിയ സ്വര്‍ണത്തിന് 53 ലക്ഷ രൂപ വില വരും. ഇരുവരും ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്്്. കസ്റ്റംസ് അസിസ്റ്റന്റ്്് കമ്മീഷണര്‍മാരായ സഞ്ജയ് ബംഗാര്‍ത്തലേ, സി. ശ്രീധരന്‍, സൂപ്രണ്ടുമാരായ നി.എം. മൊയ്തീന്‍ നൈന, ജി. രാജേഷ് കുമാര്‍, വിനു ഗ്രേഷ്യസ്, ജെനീഷ് എം. ജോര്‍ജ്, ലാല്‍ജി, എ.എക്‌സ്. വിന്‍സെന്റ്, ഇന്‍സ്‌പെക്ടര്‍ എന്‍. മുരളി തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണം പിടികൂടിയത്.

(ചിത്രവിവരണം) 1. കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയ, മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം
2. സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതിനായി ഉപയോഗിച്ച പമ്പരം

More Citizen News - Ernakulam