അഖിലേന്ത്യ ക്വാട്ടയിലെ എല്ലാ മെഡിക്കല്‍ സീറ്റിലും പ്രവേശനം ഉറപ്പാക്കാന്‍ ഹര്‍ജി
Posted on: 11 Sep 2015
കൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയില്‍ നിന്ന് അഖിലേന്ത്യ ക്വാട്ടയിലെ എല്ലാ സീറ്റിലേക്കും പ്രവേശനം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. മൂന്ന് കൗണ്സലിങ്ങോടെ അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള പ്രവേശന നടപടി അവസാനിപ്പിക്കുന്ന സമ്പ്രദായം മാറ്റണമെന്നാണ് ആവശ്യം.
കൗണ്‍സലിങ് പെട്ടെന്ന് അവസാനിപ്പിക്കുന്നതുമൂലം കഴിഞ്ഞ വര്‍ഷം മൂന്നിലൊന്നു സീറ്റുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്കി. അതിനു പകരം പ്രവേശന സമയപരിധി അവസാനിക്കും വരെ തുടര്‍ച്ചയായി കൗണ്‍സലിങ് നടത്തി അഖിലേന്ത്യ ക്വാട്ടയിലെ എല്ലാ സീറ്റിലേക്കും പ്രവേശനം ഉറപ്പാക്കണമെന്നാണ് ആവശ്യം.
കൊല്ലം പെരിനാട്ടുള്ള റോഹന്‍ നെബു സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. കേന്ദ്ര സര്‍ക്കാറിനു പുറമെ ദേശീയ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാണ്.
അഖിലേന്ത്യ റാങ്ക് പട്ടികയില്‍ നിന്നുള്ള പ്രവേശനത്തിനായി എം.ബി.ബി.എസ്സിന് 3084 സീറ്റുകളും ബി.ഡി.എസ്സിന് 297 സീറ്റുകളുമാണ് അഖിലേന്ത്യ ക്വാട്ടയിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ ഗവ. മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അഖിലേന്ത്യ ക്വാട്ടയിലേക്ക് നല്കിയ 15 ശതമാനം സീറ്റ് ഉള്‍പ്പെടെയാണിത്. സപ്തംബര്‍ 30 ആണ് മെഡിക്കല്‍ പ്രവേശനത്തിന് നിശ്ചയിച്ച സമയപരിധി.